ബൊഗോട്ട: ബ്രസീലിലെ ക്ലബ് ഫുട്‌ബോള്‍ കളിക്കാരുമായുള്ള യാത്രയ്‌ക്കിടെ അപകടത്തില്‍പ്പെട്ട വിമാനത്തില്‍ ഇന്ധനം തീര്‍ന്നുവെന്നും അടിയന്തിരമായി ലാന്‍ഡ് ചെയ്യാന്‍ അനുവാദം തരണമെന്ന് പൈലറ്റ് ആവശ്യപ്പെടുന്ന ശബ്ദരേഖ പുറത്ത്. അപകടത്തിന് മിനിറ്റുകള്‍ മുന്‍പ് റെക്കോര്‍ഡ് ചെയ്ത ശബ്ദസന്ദേശത്തിലാണ് ഇക്കാര്യങ്ങള്‍ പുറത്തായത്.
ഇന്ധനമില്ലാത്തതിനാല്‍ വൈദ്യുത ബന്ധം വിച്ഛേദിക്കപ്പെട്ടിട്ടുണ്ടെന്നും 9000 അടി ഉയരത്തിലാണ് പറക്കുന്നതെന്നും പെട്ടെന്ന് ലാന്‍ഡ് ചെയ്യാന്‍ അനുവദിക്കണമെന്നും പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളറോട് ആവശ്യപ്പെടുന്ന ശബ്ദ രേഖയാണ് പുറത്തായത്. എന്നാല്‍ യന്ത്രത്തകരാറുമൂലം മറ്റൊരു വിമാനം റണ്‍വേയെ സമീപിക്കുന്നതിനാല്‍ ഏഴു മിനിറ്റു കൂടി കാത്തിരിക്കാനാണ് കണ്‍ട്രോള്‍റൂമില്‍നിന്നും പൈലറ്റിന് ലഭിച്ച നിര്‍ദ്ദേശം. വീണ്ടും പൈലറ്റ് സഹായം ആവശ്യപ്പടുന്നതും ശബ്ദരേഖയിലുണ്ട്. കണ്‍ട്രോള്‍ റൂമില്‍ നിന്നും പെണ്‍ ശബ്ദമാണ് മറുപടി നല്‍കുന്നത്.
എന്നാല്‍ പുറത്തായ ശബ്ദ സംഭാഷണത്തെ കുറിച്ച് അധികൃതര്‍ പ്രതികരിച്ചിട്ടില്ല.
നവംബര്‍ 29നാണ് അപകടമുണ്ടായത്. ബ്രസീലില്‍ നിന്ന് കൊളംബിയയിലേക്ക് പോവുകയായിരുന്ന ചാര്‍ട്ടേഡ് വിമാനത്തില്‍ ബ്രസീല്‍ ക്ലബ് ഫുട്‌ബോള്‍ താരങ്ങളായിരുന്നു സഞ്ചരിച്ചത്. 77 യാത്രികരില്‍ ആറുപേരാണ് രക്ഷപ്പെട്ടത്. അപകടസ്ഥലത്തുനിന്നും വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തിരുന്നു.
















