മുംബൈ: ഡോ. ബി. ആര്‍. അംബേദ്ക്കറിന്റെ 125ാമത് ജന്മവാര്‍ഷികാഘോഷങ്ങള്‍ പൊടിപൊടിക്കുമ്പോള്‍ അദ്ദേഹത്തെക്കുറിച്ച് ആദ്യമെഴുതിയ ജീവചരിത്രം വീണ്ടും അച്ചടിച്ചു. 70 വര്‍ഷം മുമ്പാണ് ഈ അപൂര്‍വ്വ കൃതി ആദ്യം അച്ചടിയ്‌ക്കപ്പെട്ടത്.
കൊങ്കണില്‍ നിന്നുളള താനാജി ഖരാവ്‌ടേക്കര്‍ എന്ന 23കാരന്‍ 1940കളില്‍ കറാച്ചിയില്‍ വച്ചാണ് ഈ പുസ്തകമെഴുതിയത്. അവിടെത്തന്നെയാണ് പുസ്തകം അച്ചടിച്ചതും. മറാത്തിയിലെഴുതിയ പുസ്തകത്തില്‍ അംബേദ്ക്കറിന്റെ ജീവിതത്തെക്കുറിച്ച് സമഗ്രമായ വിവരമുണ്ട്. എന്നാല്‍ അംബേദ്ക്കര്‍ ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യും മുമ്പാണ് പുസ്തകം എഴുതിയിട്ടുളളത്.
ജീവിച്ചിരിക്കുമ്പോ ള്‍ തന്നെ അദ്ദേഹത്തെക്കുറിച്ചെഴുതപ്പെട്ട ഏക പുസ്തകവുമാണിത്.
മുംബൈയിലെ ഒബ്‌സര്‍വേര്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ ആണ് പുസ്തകം പുനഃപ്രസിദ്ധീകരിച്ചത്. മുംബൈ സര്‍വകലാശാലയിലെ ഡോ.അംബേദ്ക്കര്‍ സെന്റര്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് പുസ്തകം പ്രകാശിപ്പിക്കും. സാവിത്രിബായി ഫുലെ പൂനെ സര്‍വകലാശാലയിലെ രാഷ്‌ട്രതന്ത്രവകുപ്പ് മുന്‍ പ്രൊഫസര്‍ റാവു സാഹിബ് കാസ്‌ബെയാണ് പുസ്തകം പ്രകാശിപ്പിക്കുന്നത്.
അംബേദ്ക്കറെക്കുറിച്ചും രാജ്യത്തെ ദളിത് പ്രസ്ഥാനങ്ങളെക്കുറിച്ചും ഇദ്ദേഹം ഏറെ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. അംബേദ്ക്കറുടെ ചരമദിനമായ ഈമാസം ആറിന് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന ചൈത്യഭൂമിയില്‍ പുസ്തകം വിതരണം ചെയ്യും. ഖരവാതേയിലെ കൊങ്കണില്‍ ജനിച്ച ഖരാവ്‌ട്ടേക്കര്‍ പിന്നീട് ഉന്നത വിദ്യാഭ്യാസത്തിനായി കറാച്ചിയിലേക്ക് പോയി. അംബേദ്ക്കറിന് ശേഷം പിന്നാക്ക സമുദായത്തില്‍ നിന്ന് ബിരുദം നേടിയ ആളാണ് ഇദ്ദേഹം. ബ്രിട്ടീഷ് സര്‍ക്കാര്‍ അച്ചടിയ്‌ക്കുന്ന പേപ്പറിന് നിയന്ത്രണമേര്‍പ്പെടുത്തിയതോടെ അദ്ദേഹത്തിന് തന്റെ പുസ്തകത്തില്‍ വന്‍ തോതില്‍ വെട്ടിച്ചുരുക്കല്‍ നടത്തേണ്ടി വന്നു.
കയ്യെഴുത്ത് പ്രതിയുടെ മൂന്നിലൊന്ന് മാത്രമാണ് പ്രസിദ്ധീകരിക്കാനായത്. അംബേദ്ക്കറുമായി ആലോചിച്ച ശേഷം 1943ലാണ് പുസ്തകം ആദ്യം പ്രസിദ്ധീകരിച്ചത്. ജോലിക്ക് ചേരും മുമ്പ് പഠനം പൂര്‍ത്തിയാക്കാനും അംബേദ്ക്കര്‍ അദ്ദേഹത്തെ ഉപദേശിച്ചു.
















