മുംബൈ: അഞ്ചു വര്‍ഷമായി തുടരുന്ന നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ മുംബൈ ഹാജി അലി ദര്‍ഗ്ഗയില്‍ സ്ത്രീകള്‍ പ്രവേശിച്ചു. എണ്‍പതോളം സ്ത്രീകളാണ് ഇന്നലെ ദര്‍ഗ്ഗയില്‍ പ്രവേശിച്ചത്. പോലീസിനേയും ട്രസ്റ്റിനേയും മുന്‍കൂര്‍ അറിയിക്കാതെയായിരുന്നു ഇവരുടെ സന്ദര്‍ശനം.
അതേസമയം തുടര്‍ ദിവസങ്ങളിലും ഇവിടെ സ്ത്രീകള്‍ സന്ദര്‍ശിക്കുന്നതാണെന്നും ഭാരതീയ മുസ്ലിം മഹിള ആന്തോളന്‍ (ബിഎംഎംഎ) സ്ഥാപകരില്‍ ഒരാളായ നൂര്‍ജഹാന്‍ എസ്. നിയാസ് അറിയിച്ചു. 2012 ജൂണ്‍ വരെ ദര്‍ഗ്ഗയില്‍ സ്ത്രീകള്‍ക്ക് പ്രവേശനാനുമതി ഉണ്ടായിരുന്നതാണ്. എന്നാല്‍ അതിനുശേഷം സ്ത്രീകള്‍ ദര്‍ഗ്ഗയ്‌ക്കുള്ളില്‍ പ്രവേശിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് ട്രസ്റ്റ് ഭാരവാഹികള്‍ ഉത്തരവിറക്കുകയായിരുന്നു. മുസ്ലിം പണ്ഡിതന്‍ സെയ്ദ് പിര്‍ ഹാജി അല്‍ ഷാ ബുഖാരിയുടെ ശവകുടീരം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.
സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ദര്‍ഗ്ഗയില്‍ ഒരുപോലെ പ്രവേശനാനുമതി നല്‍കണമെന്ന് ഒക്ടോബര്‍ 24ന് സുപ്രീംകോടതി ജസ്റ്റിസ് രേവതി മോഹിതെ- ധീരെ ഉത്തരവിട്ടിരുന്നു. എന്നാല്‍ ദര്‍ഗ്ഗയില്‍ സ്തീകള്‍ പ്രവേശിക്കുന്നതിനായി നാലാഴ്ച സമയം അനുവദിക്കണമന്ന് ട്രസ്റ്റ് ഭാരവാഹികള്‍ കോടതിയില്‍ അറിയിച്ചിട്ടുണ്ട്.
അതേസമയം ദര്‍ഗ്ഗയില്‍ പ്രവേശിക്കുന്നതിന് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം വഴി കൊണ്ടുവരുന്നതാണ്. ശവക്കല്ലറയില്‍ തൊടാന്‍ ആരേയും അനുവദിക്കില്ലെന്നും ട്രസ്റ്റ് ഭാരവാഹിയായ സുഹെയ്‌സ് ഖാന്ദ്വാനി അറിയിച്ചു. കൂടാതെ ദര്‍ഗ്ഗയില്‍ എത്തുന്നവരെല്ലാം ശവക്കല്ലറയില്‍ നിന്ന് രണ്ടു മീറ്റര്‍ അകലം പാലിക്കേണ്ടതുണ്ടെന്നും ട്രസ്റ്റ് അറിയിച്ചിട്ടുണ്ട്. 1431ല്‍ സെയ്ദ് പിര്‍ ഹാജി അലി ഷാ ബുഖാരിയുടെ ഓര്‍മ്മക്കായാണ് ഹാജി അലി ദര്‍ഗ്ഗ പണി കഴിപ്പിച്ചത്.
















