ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ സുരക്ഷാ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച സംഭവത്തില്‍ ആംആദ്മി പാര്‍ട്ടി എംപി ഭഗവാന്‍ മാന്‍ കുറ്റക്കാരനെന്ന് പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട്.
മാനിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെടുന്ന 9 അംഗ ലോക്‌സഭാ പാനലിന്റെ റിപ്പോര്‍ട്ട് സ്പീക്കര്‍ സുമിത്രാ മഹാജന് സമര്‍പ്പിച്ചിട്ടുണ്ട്. നടപടി സംബന്ധിച്ച് അന്തിമ തീരുമാനം സ്പീക്കറാണ് എടുക്കേണ്ടത്.
ലോക്‌സഭാംഗം കിരിത് സോമയ്യയുടെ നേതൃത്വത്തിലുള്ള സമിതിയാണ് ആംആദ്മി പാര്‍ട്ടി എംപിയുടെ നടപടിയെപ്പറ്റി അന്വേഷിച്ചത്. ഭഗവാന്‍ മാനിന് സ്വന്തം ഭാഗം വിശദീകരിക്കാന്‍ നാല് അവസരം നല്‍കിയിരുന്നു. എന്നാല്‍ എല്ലാതവണയും താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന വാദത്തില്‍ മാന്‍ ഉറച്ചു നിന്നു.
പാര്‍ലമെന്റിന്റെ പ്രവേശന കവാടം മുതല്‍ അകത്തെ ഓരോ സുരക്ഷാ കേന്ദ്രങ്ങളുടേയും ദൃശ്യങ്ങള്‍ അടക്കമുള്ള വീഡിയോയാണ് മാന്‍ പുറത്തുവിട്ടത്. ഇതേ തുടര്‍ന്ന് പാര്‍ലമെന്റിലെ സുരക്ഷാ ക്രമീകരണങ്ങള്‍ വലിയ തോതില്‍ പരിഷ്‌ക്കരിച്ചിട്ടുണ്ട്.
















