കണ്ണൂര്‍: എസ്ബിഐ ഇന്നലെ മുതല്‍ ജില്ലയില്‍ നടപ്പിലാക്കിയ സഞ്ചരിക്കുന്ന എടിഎം സംവിധാനം ജില്ലയില്‍ വ്യാപകമാക്കണമെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍ അധികൃതരോട് ആവശ്യപ്പെട്ടു. എളുപ്പത്തില്‍ പണം കൈമാറാന്‍ പറ്റുന്ന സംവിധാനത്തിലൂടെയാണ് സഞ്ചരിക്കുന്ന എടിഎം പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തില്‍ കൂടുതല്‍ മെഷിനുകള്‍ അനുവദിക്കുകയും ഇതിനായി കൂടുതല്‍ ജീവനക്കാരെ നിയമിക്കുകയും വേണം. ജില്ലയിലെ മലയോര മേഖലയിലെ എടിമ്മുകളില്‍ ഇപ്പോള്‍ ആവശ്യത്തിന് പണം ലഭിക്കാത്ത അവസ്ഥയാണ്. എന്നാല്‍ നഗരങ്ങളിലെ ഒട്ടുമിക്ക എടിഎമ്മുകളിലും പണം ലഭ്യമാണ്. പുതിയ സംവിധാനം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നടപ്പിലാക്കിയാല്‍ ജനങ്ങള്‍ക്ക് കൂടുതല്‍ സഹായകരമാക്കും. ജില്ലയിലെ ബാങ്കുകളിലെ ഒട്ടുമിക്ക ഉദ്യോഗസ്ഥരും ഇടപാടുകാര്‍ക്ക് വേണ്ട സഹായ സഹകരണങ്ങള്‍ ചെയ്തുകൊടുക്കുന്നുണ്ടെങ്കിലും ചെറിയ വിഭാഗം ഇതിനെതിരെ പ്രവര്‍ത്തിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പ്രസ്താവിച്ചു.
















