ന്യൂദല്‍ഹി: കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കുന്നതിനായി നടപ്പാക്കിയ നോട്ട് നിരോധനത്തെ സ്വാഗതം ചെയ്ത് ദേശീയ ജനാധിപത്യസഖ്യം. 1000,500 നോട്ടുകള്‍ നിരോധിച്ച നടപടി സ്വാഗതം ചെയ്ത എന്‍ഡിഎ യോഗം പ്രമേയം പാസാക്കി.
ശിവസേനയും അകാലിദളും അടക്കമുള്ള എന്‍ഡിഎ സഖ്യകക്ഷികളെല്ലാം കേന്ദ്രതീരുമാനത്തെ പിന്തുണച്ചു. നാളെ ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ കള്ളപ്പണത്തിനെതിരായ നടപടികളെ വിലക്കുന്ന പ്രതിപക്ഷ കക്ഷികളെ തുറന്നുകാട്ടാന്‍ യോഗം തീരുമാനിച്ചു.
കള്ളപ്പണത്തിനെതിരായ നടപടികളെ രാജ്യം മുഴുവന്‍ പിന്തുണയ്‌ക്കുകയാണെന്നും നടപടികളില്‍നിന്നും പിന്തിരിയുന്ന പ്രശ്‌നമില്ലെന്നും ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.
പ്രതിപക്ഷത്തിന്റെ പ്രതിഷേധം കാര്യമാക്കേണ്ടതില്ല. കേന്ദ്രനടപടിയെ തകര്‍ക്കാനാണ് പ്രതിപക്ഷ ശ്രമം, മോദി ബിജെപി എംപിമാരോട് പറഞ്ഞു. എന്‍ഡിഎയിലെ ഘടകകക്ഷികളെല്ലാം ഒറ്റക്കെട്ടായി കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ചെന്ന് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് കേന്ദ്രപാര്‍ലമെന്ററികാര്യമന്ത്രി അനന്തകുമാര്‍ വ്യക്തമാക്കി.
രാജ്യത്തുനിന്നും കള്ളപ്പണവും കള്ളനോട്ടും അഴിമതിയും ഇല്ലാതാക്കുന്നതിനായി പ്രധാനമന്ത്രി നടത്തുന്ന എല്ലാ പരിശ്രമങ്ങളെയും എന്‍ഡിഎ നേതാക്കള്‍ പ്രശംസിച്ചു, അനന്ത്കുമാര്‍ പറഞ്ഞു.
നോട്ട് നിരോധന വിഷയം പാര്‍ലമെന്റില്‍ നടക്കുന്ന ചര്‍ച്ചകളിലൂടെ ജനങ്ങളിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്ന് പാര്‍ലമെന്ററികാര്യമന്ത്രി അറിയിച്ചു. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ചര്‍ച്ചകള്‍ക്ക് ഇരുസഭകളിലും തയ്യാറാണ്.
ജനങ്ങള്‍ അനുഭവിക്കുന്ന താല്‍ക്കാലിക പ്രയാസങ്ങളും വേദനകളും വലിയ നേട്ടത്തിന് വേണ്ടിയാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ജിഎസ്ടി, മറ്റ് സാമ്പത്തിക പരിഷ്‌ക്കരണങ്ങള്‍ എന്നിവ ഡിസംബര്‍ 6 വരെ നീളുന്ന ശീതകാല സമ്മേളനത്തില്‍ ചര്‍ച്ചയാകും.
അതിനിടെ എന്‍ഡിഎ യോഗം ചേര്‍ന്ന അതേ സമയത്തു തന്നെ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം സംയുക്തമായി യോഗം ചേര്‍ന്ന് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ബഹളത്തില്‍ മുക്കാന്‍ തീരുമാനിച്ചു.
കള്ളപ്പണ നിരോധനത്തിനെതിരെ വൈര്യം മറന്ന് തൃണമൂല്‍ കോണ്‍ഗ്രസും സിപിഎമ്മും യോജിച്ച യോഗത്തില്‍ കോണ്‍ഗ്രസ്, ആര്‍ജെഡി, സിപിഐ,ജെഡിയു തുടങ്ങിയ ഏഴു കക്ഷിനേതാക്കള്‍ പങ്കെടുത്തു.
















