ന്യൂദല്‍ഹി: ഡിജിറ്റല്‍ ഇന്ത്യയുടെയും മെയ്‌ക്ക് ഇന്‍ ഇന്ത്യയുടെയും കാലത്തെ കാഴ്ചകളൊരുക്കി അന്താരാഷ്‌ട്ര വ്യാപാര മേള ദല്‍ഹിയില്‍ തുടങ്ങി. പ്രഗതി മൈതാനിയില്‍ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി ഉദ്ഘാടനം ചെയ്തു. പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജരംഗത്ത് പുതിയ സര്‍ക്കാര്‍ പ്രത്യേക താത്പര്യമെടുക്കുന്നത് സന്തോഷം പകരുന്നുവെന്ന് രാഷ്‌ട്രപതി പറഞ്ഞു. ജിഎസ്ടി ഉള്‍പ്പെടെയുള്ള പരിഷ്‌കരണ നടപടികള്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിന് സംസ്ഥാനങ്ങള്‍ തമ്മില്‍ ആരോഗ്യകരമായ മത്സരമുണ്ടാക്കും. അദ്ദേഹം വ്യക്തമാക്കി. 27 രാജ്യങ്ങളും സംസ്ഥാനങ്ങളുമാണ് മേളയില്‍ പങ്കെടുക്കുന്നത്.
വിവര സാങ്കേതിക വിദ്യയില്‍ കേരളത്തിന്റെ നേട്ടങ്ങള്‍ വിശദീകരിക്കുന്ന ‘ഡിജിറ്റല്‍ കേരള’ പവലിയനാണ് കേരളം മേളയില്‍ ഒരുക്കിയത്. 27 സ്വകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ 66 സ്റ്റാളുകളുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സെക്രട്ടറി ഡോ. ഉഷ ടൈറ്റസ്, വ്യവസായ വകുപ്പ് സെക്രട്ടറി പോള്‍ ആന്റണി, റസിഡന്റ് കമ്മീഷണര്‍ വിശ്വാസ് മേത്ത, അഡീഷണല്‍ റസിഡന്റ് കമ്മീഷണര്‍ പുനീത് കുമാര്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ഡോ.കെ.അമ്പാടി, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ്, പവലിയന്‍ ശില്പി ജിനന്‍, നോഡല്‍ ഓഫീസര്‍ ആര്‍.അനില്‍ കുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍. വേണുഗോപാല്‍, ഡെപ്യൂട്ടി സെക്രട്ടറി സുരേഷ് കുമാര്‍, ന്യൂദല്‍ഹി ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഡോ.സി.വേണുഗോപാല്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഏറ്റവും നല്ല പവലിയനുള്ള പുരസ്‌കാരം പലതവണ നേടിയിട്ടുള്ള കേരളം ഇക്കുറിയും പ്രതീക്ഷയിലാണ്. തിരുവനന്തപുരം സ്വദേശിയായ കലാകാരന്‍ ജിനനും സംഘവുമാണ് രൂപകല്പന നിര്‍വഹിച്ചത്. മേള 27ന് അവസാനിക്കും.
















