ഇര്‍ബില്‍: ഇസ്ലാമിക് സ്റ്റേറ്റിലെ ഉന്നത നേതാക്കളില്‍ പലരും മൊസൂള്‍ വിട്ടു. ഇറാഖ് നിന്‍വേഹ് പ്രവിശ്യാ ഗവര്‍ണര്‍ നോഫല്‍ ഹമദി അല്‍ സുല്‍ത്താന്റെ വാര്‍ത്താസമ്മേളനത്തിലാണ് ഉന്നത ഐഎസ് ജിഹാദി നേതാക്കളില്‍ പലരും മൊസൂള്‍ വിട്ടതായി അറിയിച്ചത്.
ഭീകരസംഘടനയുടെ ഉന്നത നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദി മൊസുളില്‍ നിന്നും അടുത്തിടെ ഒളിച്ചോടിയിരുന്നു. സൈനിക നീക്കം ശക്തമായതോടെ മറ്റു നേതാക്കളും മൊസൂള്‍ വിട്ടിട്ടുണ്ട്. മൊസൂള്‍ തിരിച്ചുപിടിക്കുന്നതിനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് ഇറാഖി സൈന്യമെന്നും അല്‍ സുല്‍ത്താര്‍ പറഞ്ഞു.
ഇതിനുള്ള മുന്നോടിയായി മൊസൂളിന്റെ സമീപ പ്രദേശങ്ങളെല്ലാം ഇറാഖി സൈന്യം കൈയ്യടക്കി കഴിഞ്ഞു. ജിഹാദികള്‍ക്കെതിരായ അവസാനഘട്ട പോരാട്ടം അടുത്തു തന്നെ ആരംഭിക്കുമെന്നും അല്‍ സുല്‍ത്താന്‍ കൂട്ടിച്ചേര്‍ത്തു.
















