ന്യൂദല്‍ഹി: നാഷണല്‍ ജോഗ്രഫിക് മാസികയുടെ കവര്‍ ഫോട്ടോയിലൂടെ പ്രശസ്തയായ ഷര്‍ബത് ഗുല ഭാരതത്തിലേക്ക് വരുന്നു. ഭാരതത്തിലെ അഫ്ഗാനിസ്ഥാന്‍ അംബാസഡര്‍ ഷെയ്ദ അബ്ദാലിയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. പാക്കിസ്ഥാനില്‍നിന്നു നാടുകടത്തിയശേഷം ചികിത്സയ്‌ക്കായാണ് ഗുല ഭാരതത്തിലെത്തുന്നത്.
ഹെപ്പറ്റൈറ്റിസ് ബി രോഗത്തിനു ചികിത്സ തേടി ബംഗളുരുവിലാണ് എത്തുന്നതെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. നാഷണല്‍ ജോഗ്രഫിക് മാസികയുടെ കവര്‍ചിത്രം പ്രശസ്തമായശേഷം അഫ്ഗാന്‍ പെണ്‍കുട്ടി, അഫ്ഗാന്‍ മൊണാലിസ എന്നിങ്ങനെയാണ് ഇവര്‍ അറിയപ്പെട്ടത്.
കഴിഞ്ഞമാസം 26ന് ഷര്‍ബത് ഗുല പാക്കിസ്ഥാനില്‍ അറസ്റ്റിലായിരുന്നു. പാക്കിസ്ഥാന്റെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് സൃഷ്ടിച്ചതിനും ഇതുപയോഗിച്ച് ആനുകൂല്യങ്ങള്‍ തട്ടാന്‍ ശ്രമിച്ചതിനുമാണ് കേസ്. പിന്നീട് കോടതി ജാമ്യം നല്‍കിയ ഇവരെ അഫ്ഗാനിസ്ഥാനിലേക്കു നാടുകടത്തുകയായിരുന്നു.
















