കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ജര്‍മന്‍ കോണ്‍സുലേറ്റിന് നേരെയുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേറ്റു. വടക്കന്‍ അഫ്ഗാനിലെ മസാറെ ഷരീഫ് സിറ്റിയിലാണ് ജര്‍മ്മന്‍ കോണ്‍സുലേറ്റ് സ്ഥിതി ചെയ്യുന്നത്.
കോണ്‍സുലേറ്റ് വളപ്പിലേക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച ട്രക്ക് ഓടിച്ചു കയറ്റിയായിരുന്നു സ്ഫോടനം. സ്ഫോടനത്തില്‍ സമീപത്തെ നിരവധികെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി പ്രദേശിക വൃത്തങ്ങള്‍ വ്യക്തമാക്കി.
ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു. കഴിഞ്ഞയാഴ്ച അഫ്ഗാനിലെ വടക്കന്‍ നഗരമായ കുന്ദൂസില്‍ സഖ്യസേനയുടെ ആക്രമണത്തില്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ടതിന്റെ പ്രതികാരമായിട്ടാണ് കോണ്‍സുലേറ്റില്‍ ചാവേര്‍ ആക്രമണം നടത്തിയതെന്ന് താലിബാന്‍ വ്യക്തമാക്കി. ട്രക്ക് ഓടിച്ചുകയറ്റിയ ചാവേര്‍ സ്വയം വെടിയുതിര്‍ത്തതിന് ശേഷമാണ് സ്ഫോടനം നടത്തിയത്.
കോണ്‍സുലേറ്റിന് വലിയ നാശനഷ്ടം ഉണ്ടായതായി നാറ്റോ വക്താവ് വ്യക്തമാക്കി. ജര്‍മനിയുടെ ആയിരത്തോളം സൈനികരാണ് അഫ്ഗാനില്‍ സേവനമനുഷ്ഠിക്കുന്നത്. എന്നാല്‍ കോണ്‍സുലേറ്റില്‍ ഉണ്ടായിരുന്ന തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെല്ലാം സുരക്ഷിതരാണെന്ന് ജര്‍മ്മനി അറിയിച്ചിട്ടുണ്ട്.
കുന്ദൂസില്‍ താലിബാന്‍ തീവ്രവാദികളെ ലക്ഷ്യമിട്ട് അഫ്ഗാന്‍ സേന ശക്തമായ വ്യോമാക്രമണമാണ് നടത്തുന്നത്. മുപ്പതോളം സാധാരണക്കാര്‍ ഇതിനിടയില്‍ കൊല്ലപ്പെട്ടതായിട്ടാണ് ആരോപണം. സംഭവത്തെക്കുറിച്ച് നാറ്റോ അന്വേഷണം ആരംഭിച്ചു.
















