ന്യൂദല്‍ഹി: ജന്തര്‍മന്ദറില്‍ ആത്മഹത്യ ചെയ്ത വിമുക്ത ഭടന് ഒരു കോടി രൂപ പ്രഖ്യാപിച്ച ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ നടപടി ഹൈക്കോടതി തടഞ്ഞു. 14ന് അന്തിമ തീരുമാനം വരുന്നതു വരെ നടപടി നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ദല്‍ഹി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.
ആത്മഹത്യ ചെയ്ത മുന്‍ സൈനികനെ രക്തസാക്ഷിയാക്കി ചിത്രീകരിച്ച് വന്‍തുക പ്രഖ്യാപിച്ച ദല്‍ഹി സര്‍ക്കാരിന്റെ നടപടി തടയണമെന്നാവശ്യപ്പെട്ട് രണ്ട് ഹര്‍ജികളാണ് ഹൈക്കോടതിയിലെത്തിയത്. ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്ന നടപടികളാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് ഹര്‍ജിക്കാരനായ അഡ്വ. അവധ് കൗശിക് കോടതിയെ ധരിപ്പിച്ചു. ആത്മഹത്യ ചെയ്തവര്‍ക്ക് നികുതിദായകരുടെ പണം നല്‍കരുതെന്ന് മറ്റൊരു ഹര്‍ജിക്കാരന്‍ പുരന്‍ചന്ദ് ആര്യ ആവശ്യപ്പെട്ടു.
ഹര്‍ജികളില്‍ പൊതുതാത്പര്യമില്ലെന്നും സൈനികന് പണം നല്‍കാന്‍ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും ദല്‍ഹി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അന്തിമ തീരുമാനം ലഫ്. ഗവര്‍ണ്ണര്‍ക്ക് വിട്ടു.
വണ്‍റാങ്ക് വണ്‍ പെന്‍ഷന്‍ നടപ്പാക്കിയില്ലെന്നാരോപിച്ച് കഴിഞ്ഞ മാസം അവസാനമാണ് വിമുക്ത ഭടന്‍ സുബേദാര്‍ ഗ്രേവാള്‍ ആത്മഹത്യ ചെയ്തത്. ഇദ്ദേഹത്തിന് ഒആര്‍ഒപി പ്രകാരം വര്‍ദ്ധിപ്പിച്ച പെന്‍ഷന്‍ ലഭിച്ചിരുന്നെന്ന് പിന്നീട് തെളിഞ്ഞു. വിഷയത്തെ രാഷ്‌ട്രീയായുധമാക്കി കോണ്‍ഗ്രസും ആപ്പും രംഗത്തെത്തിയിരുന്നു. ആത്മഹത്യ ചെയ്ത വിമുക്ത ഭടന് ഇതിന്റെ ഭാഗമായാണ് ദല്‍ഹി മുഖ്യമന്ത്രി ഒരു കോടി രൂപ പ്രഖ്യാപിച്ചത്.
















