ഹൈദരാബാദ്: ആംബുലന്‍സിന് നല്‍കാന്‍ പണം ഇല്ലാത്തതിനാല്‍ ഭാര്യയുടെ മൃതദേഹവുമായി ഹൈദ്രാബാദ് സ്വദേശിക്ക് താണ്ടേണ്ടി വന്നത് 60 കിലോമീറ്ററിലധികം ദൂരം. കുഷ്ഠരോഗിയായ വൃദ്ധനാണ് ഈ ദുരവസ്ഥയുണ്ടായത്.
തെലങ്കാനയിലെ ഹൈദരാബാദില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവം ഉണ്ടായത്. കുഷ്ഠരോഗ ബാധിതരായ രാമലുവും ഭാര്യ കവിതയും ഹൈദ്രാബാദില്‍ ഭിക്ഷയെടുത്താണ് ജീവിച്ചിരുന്നത്. ഹൈദരാബാദ് റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് കവിത മരിച്ചത്. ഭാര്യയുടെ മൃതദേഹം സ്വന്തം നാട്ടില്‍ കൊണ്ടുപോയി സംസ്കരിക്കണമെന്ന ആഗ്രഹത്തില്‍ സ്വകാര്യ ആംബുലന്‍സിന്റെ സേവനം തേടി. എന്നാല്‍ ആംബുലന്‍സ് ഡ്രൈവര്‍ 5000 രൂപ ആവശ്യപ്പെടുകയായിരുന്നു. ഇത് നല്‍കാന്‍ കഴിവില്ലാത്ത രാമലു സ്വന്തം ഉന്തുവണ്ടിയില്‍ മൃതദേഹവുമായി യാത്ര തിരിക്കുകയായിരുന്നു.
വെള്ളിയാഴ്ച രാത്രി യാത്ര തിരിച്ചെങ്കിലും പകുതി എത്തിയപ്പോള്‍ വഴിതെറ്റി. ശനിയാഴ്ച ഉച്ചയോടെ വികാരബാദിലെത്തിയപ്പോഴേയ്‌ക്കും 60 കിലോമീറ്റര്‍ ദൂരം രാമലു പിന്നിട്ടു. തളര്‍ന്ന് വീണ രാമലുവിനെ കണ്ട നാട്ടുകാരില്‍ ചിലര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി അവിടെ നിന്നും 80 കിലോമീറ്റര്‍ അധികം ദൂരമുള്ള മേദക് ഗ്രാമത്തിലേക്ക് ആംബുലന്‍സ് വിളിച്ച് നല്‍കുകയായിരുന്നു.
കുഷ്ഠരോഗികളായിരുന്നതിനാല്‍ ഇരുവരെ സഹായിക്കാന്‍ മറ്റ് ബന്ധുക്കളാരും എത്തിയിരുന്നില്ല.
















