ന്യൂദല്‍ഹി: ഭാരതവും ഇക്വഡോറുമായുള്ള കോടികളുടെ ഹെലിക്കോപ്ടര്‍ ഇടപാട് വെള്ളത്തിലായി. ഭാരതം അവര്‍ക്ക് വിറ്റ ധ്രുവ് കോപ്ടറുകളില്‍ നാലെണ്ണം തകര്‍ന്നു വീണു. ബാക്കി മൂന്നെണ്ണം എങ്ങനെയും വിറ്റൊഴിക്കാനുള്ള ശ്രമത്തിലാണ് അവര്‍.
2009ലാണ് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍സ് സ്വന്തമായി വികസിപ്പിച്ച ധ്രുവ് കോപ്ടറുകള്‍ മറ്റു രാജ്യങ്ങള്‍ക്ക് വില്ക്കാന്‍ തീരുമാനിച്ചത്. ഇക്വഡോറുമായി കരാറും ഒപ്പിട്ടു. ആ വര്‍ഷം അഞ്ചു കോപ്ടറുകളും 2011ല്‍ രണ്ടെണ്ണവും നല്‍കാനായിരുന്നു മുപ്പതിനായിരം കോടി രൂപയുടെ കരാര്‍.
അന്നു വാങ്ങിയവയില്‍ നാലെണ്ണം തകര്‍ന്നുവീണു. മൂന്നെണ്ണം അവര്‍ താഴെയിറക്കി. അവ വില്‍ക്കാന്‍ ശ്രമിക്കുകയാണ്. കരാര്‍ റദ്ദാക്കി കേസ് കൊടുക്കാന്‍ ഒരുങ്ങുകയാണ് ഇക്വഡോര്‍. നാലെണ്ണത്തില്‍ രണ്ടെണ്ണം തകര്‍ന്നത് പൈലറ്റുമാരുടെ കുഴപ്പം കൊണ്ടായിരുന്നു. ഒന്ന് യന്ത്രത്തകരാര്‍ മൂലവും. ഒന്നിന്റെ കാരണം വ്യക്തമല്ല. യന്ത്രഭാഗങ്ങള്‍ ലഭിക്കാത്തതും അറ്റകുറ്റപ്പണി എച്ച്എഎല്‍ കാര്യക്ഷമമായി നടത്താത്തതുമാണ് കേസു കൊടുക്കുന്നതിനുള്ള മറ്റു കാരണങ്ങള്‍.
ലോകത്തിന്റെ പല ഭാഗങ്ങളില്‍ ഉപയോഗിക്കുന്ന ധ്രുവ് കോപ്ടറുകള്‍ ഭാരത വ്യോമസേനയുടെ നട്ടെല്ലാണ്. ഇത്തരം 200 കോപ്ടറുകളാണ് ഭാരതം ഉപയോഗിക്കുന്നത്. ഒന്നിനും ഇതുവരെ കാര്യമായ കുഴപ്പങ്ങള്‍ ഉണ്ടായിട്ടില്ല.
















