ലണ്ടന്‍: ഇന്ദിരാഗാന്ധിയുടെ വധത്തില്‍ കലാശിച്ച ബ്ലൂസ്റ്റാര്‍ ഓപ്പറേഷനില്‍ ബ്രിട്ടനുള്ള പങ്ക് എന്താണെന്ന് വ്യക്തമാക്കണമെന്ന് ലേബര്‍ പാര്‍ട്ടി പ്രധാനമന്ത്രി തെരേസാ മേയോട് ആവശ്യപ്പെട്ടു. മുഖ്യപ്രതിപക്ഷ പാര്‍ട്ടിയാണ് ലേബര്‍ പാര്‍ട്ടി. ഇന്ന് ത്രിദിന ഭാരത സന്ദര്‍ശനത്തിന് അവര്‍ തിരിക്കാനിരിക്കെയാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
1984ല്‍ സുവര്‍ണ്ണ ക്ഷേത്രത്തില്‍ നടന്ന ഓപ്പറേഷനില്‍ ബ്രിട്ടന് പങ്കുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് പുതുതായി ലഭിച്ച തെളിവ് ബ്രിട്ടീഷ് വിദേശകാര്യ ഓഫീസ് നീക്കിയെന്നും അടുത്തിടെ അമേരിക്കയിലെ സിഖ് ഫെഡറേഷന്‍ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ബ്രിട്ടനിലെ സിഖ് സമൂഹം സത്യം അറിയാന്‍ ആഗ്രഹിക്കുന്നു.
ലേബര്‍ പാര്‍ട്ടി ഉപനേതാവ് ടോം വാട്ട്‌സണ്‍ പറഞ്ഞു. ഓപ്പറേഷനില്‍ ബ്രിട്ടന് പങ്കുണ്ടായിരുന്നോയെന്ന് ഭാരത സന്ദര്‍ശനത്തിനു മുന്‍പ് പ്രധാനമന്ത്രി വ്യക്തമാക്കണം. മാര്‍ഗരറ്റ് താച്ചര്‍ സര്‍ക്കാര്‍ അന്ന് ഭാരത സര്‍ക്കാരുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയെന്നതിന് കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്നുണ്ട്. അദ്ദേഹം പറഞ്ഞു.
ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ സമയത്ത,് ആഭ്യന്തര സുരക്ഷക്ക് പ്രത്യേക ദേശീയ സുരക്ഷാ സേന രൂപീകരിക്കാന്‍ ഭാരതം ബ്രിട്ടന്റെ സഹായം തേടിയിരുന്നുവെന്നും ബ്രിട്ടീഷ് കരസേനയിലെ പ്രത്യേക വ്യോമ വിഭാഗം (എസ്എഎസ്) ഭാരതത്തെ സഹായിച്ചിരുന്നുവെന്നുമാണ് പുതിയ വെളിപ്പെടുത്തല്‍.
ഇതുമായി ബന്ധപ്പെട്ട ഫയലുകള്‍ ബ്രിട്ടീഷ് വിദേശകാര്യ ഓഫീസ് നീക്കിയെന്നാണ് ആരോപണം. ഡേവിഡ് കാമറോണ്‍ സര്‍ക്കാര്‍ ഇത് അന്വേഷിച്ചിരുന്നു. ഫലമുണ്ടായില്ല.
കൂട്ടക്കൊല സംബന്ധിച്ച പുതിയ രേഖകള്‍ ദേശീയ പുരാരേഖ ശേഖരത്തില്‍ (നാഷണല്‍ ആര്‍ക്കൈവ്‌സ്) നിന്ന് നീക്കിയതായി ഇപ്പോള്‍ അറിയുന്നു. വിദേശ കാര്യ സെക്രട്ടറി പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചെന്നു വേണം കരുതാന്‍. പീറ്റര്‍ പറഞ്ഞു.
















