ബാഗ്ദാദ്: മൊസൂൾ ലക്ഷ്യമാക്കി ഇറാഖ് സൈന്യം മുന്നോട്ട് പട നയിക്കുമ്പോഴും വിജയം തങ്ങൾക്കൊപ്പം തന്നെയെന്ന് ഐഎസ് മേധാവിയും സ്വയം പ്രഖ്യാപിത ഖലീഫയുമായ അബൂബക്കര്‍ അല്‍ ബാഗ്ദാദി. ദൈവത്തിന്റെ എതിരാളികളോട് ശക്തമായി ചെറുത്ത് നിൽക്കാൻ ഐഎസ് പോരാളികൾ തയ്യാറാകണെമെന്ന സന്ദേശവുമായിട്ട് ബാഗ്ദാദിയുടെ പുതിയ ശബ്ദരേഖ പുറത്ത് വന്നു.
അനുദിനം നടന്നു കൊണ്ടിരിക്കുന്ന യുദ്ധം തങ്ങളുടെ സംഘടനയെ ബലപ്പെടുത്തിയിട്ടുണ്ട്, ദൃഢവിശ്വാസമുണ്ട് ഈ യുദ്ധത്തിൽ വിജയം സുനിശ്ചിതമായി നേടാൻ സാധിക്കുമെന്ന്- ബാഗ്ദാദി പറഞ്ഞു. മൊസൂളിലെ ചാവേർ പോരാളികൾ സർവ്വ ശക്തിയോടു കൂടി ഉയിർത്തേഴുന്നേൽക്കണം, തങ്ങളുടെ ദൈവത്തിനെതിരെ യുദ്ധം ചെയ്യുന്നവരെ ഉന്മൂലനം ചെയ്യണം, അവരുടെ പ്രദേശങ്ങളിൽ കടന്ന് ചെന്ന് രക്തപ്പുഴയൊഴുക്കണം. സ്വന്തം നാട്ടിൽ നിന്നും ഓടിയോളിക്കുന്നതിനേക്കാൾ ആയിരം മടങ്ങ് വലുതാണ് അഭിമാനത്തോടു കൂടി യുദ്ധം ചെയ്യുന്നതെന്ന് ബാഗ്ദാദി ശബ്ദരേഖയിൽ ആക്രോശിക്കുന്നുണ്ട്.
അതേ സമയം അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ സൈന്യം വളഞ്ഞതായാണ് സൂചന. രണ്ടാഴ്ച മുന്‍പു തുടങ്ങിയ അന്തിമ പോരാട്ടം അധികം വൈകാതെ പരിസമാപ്തിയില്‍ എത്തിയേക്കും. ഐഎസിന്റെ കൈയില്‍ നിന്ന് ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൊസൂള്‍ മോചിപ്പിക്കാനുള്ള പോരാട്ടം അവസാന നിമിഷങ്ങളിലേക്ക് നീങ്ങിയതായിട്ടാണ് റിപ്പോർട്ടുകൾ.
















