പള്ളിപ്പുറം: വൈക്കം തവണക്കടവ് റൂട്ടില്‍ സര്‍വ്വീസ് നടത്തിയിരുന്ന ബോട്ട് കേടായിതിനെ തുടര്‍ന്ന് തിങ്കളാഴ്ച ആയിരക്കണക്കിന് യാത്രക്കാര്‍ വട്ടംചുറ്റി. പകരം സര്‍വ്വീസ് നടത്തേണ്ട ബോട്ടും കേടായ സാഹചര്യത്തിലാണ് തിങ്കളാഴ്ച യാത്രാദുരിതം ഇരട്ടിയായത്. 132 ട്രിപ്പുകള്‍ നടത്തേണ്ട സ്ഥാനത്ത് വെറും 88 ട്രിപ്പുകള്‍ മാത്രമാണ് തിങ്കളാഴ്ച നടത്തിയത്. ഇതുമൂലം നൂറിനടുത്ത് മാത്രം യാത്രക്കാരെ കയറ്റാവുന്ന ബോട്ടില്‍ ഇരട്ടിയലധികം ആളുകളെ കയറ്റേണ്ടി വന്നു. വേമ്പനാട്ട് കായലിന് കുറുകെ രണ്ടരകിലോമീറ്ററോളം ദൂരം വരുന്ന ഫെറിയിലാണ് യാത്രക്കാര്‍ക്ക് ജീവന്‍ പണയം വച്ച് ദുരിത യാത്രചെയ്യേണ്ടിവന്നത്.
തിങ്കളാഴ്ച ആലപ്പുഴ ജില്ലയിലെ ഓഫീസുകള്‍ക്കും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അവധിയായിരുന്നതിനാല്‍ തിരക്ക് താരതമ്യേന കുറവായിരുന്നു. ഇതിനിടെ കേടായ എ87, എ89 എന്നീ ബോട്ടുകള്‍ വൈക്കത്തെ പഴയജെട്ടിയില്‍ കെട്ടിയിട്ടിരിക്കുകയാണ്. ഇതില്‍ എ 87 ബോട്ട് സര്‍വ്വീസ് നടത്താന്‍ കഴിയാത്ത രീതിയില്‍ അപകടാവസ്ഥയിലാണെന്ന് ജീവനക്കാര്‍ റിപ്പോര്‍ട്ട് ബുക്കില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍ എറണാകുളത്തെ മെക്കാനിക്കല്‍ വിഭാഗം ഉദ്യോഗസ്ഥന്‍ പരിശോധന നടത്തി അറ്റകുറ്റപ്പണിക്ക് ശേഷമേ സര്‍വ്വീസ് നടത്താവൂ എന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതിനും മേല്‍ ഉദ്യോഗസ്ഥന്റെ അനുമതി വേണമെന്ന നിര്‍ദ്ദേശമുണ്ട്.
കേടായ എ 89 ബോട്ടിലേക്ക് വെള്ളം കയറുന്നസാഹചര്യമാണുള്ളത്. ഇതില്‍ നിറയുന്ന വെള്ളം മോട്ടോര്‍ ഉപയോഗിച്ച് നിത്യേന രാത്രി വറ്റിക്കുകയാണ്. ഇതിനായി നെറ്റ് വാച്ചറെ പോലും നിയോഗിച്ചിട്ടുണ്ട്. ഇത്തരത്തില്‍ അനിവാര്യമായ അറ്റകുറ്റപ്പണി നടത്താതെ ഉപയോഗിക്കാന്‍ കഴിയാത്ത രണ്ട് ബോട്ടുകളിലേതെങ്കിലും ഒന്ന് ചൊവ്വാഴ്ച സര്‍വ്വീസ് നടത്തണമെന്ന നിര്‍ദ്ദേശം ലഭിച്ചതോടെ ജീവനക്കാരും ആശങ്കയിലാണ്.
















