ഗുര്‍ദേവ്കൗര്‍
ജലന്ധര്‍: ജീവിതം ഇഴനെയ്‌തെടുക്കാന്‍ ഗുര്‍ദേവ്കൗര്‍ (60) കണ്ടെത്തിയ മാര്‍ഗമായിരുന്നു നെയ്‌ത്ത്. പരുത്തിയെ നൂലിഴകളാക്കി മാറ്റിയ മുപ്പത്താറു വര്‍ഷങ്ങള്‍. ജലന്ധറിലെ ലിറ്ററന്‍ ഗ്രാമവാസിയായ ഗുര്‍ദേവിന് നെയ്‌ത്ത് ആത്മാര്‍പ്പണമായിരുന്നു.
കൂലിവേലക്കാരനായ ഭര്‍ത്താവ് സോഹന്‍ ലാലിന് കൈത്താങ്ങും. പക്ഷേ അപ്പോഴൊന്നും അവര്‍ ഓര്‍ത്തില്ല, ഒരുനാള്‍ ഖാദിവസ്ത്ര നെയ്‌ത്തിനുള്ള ദേശീയ അവാര്‍ഡ് പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ നിന്ന് സ്വീകരിക്കാനുള്ള സുവര്‍ണ്ണാവസരം തന്നെ തേടിയെത്തുമെന്ന്.
കേന്ദ്ര ചെറുകിട വ്യവസായ സഹമന്ത്രി ഗിരിരാജ് സിങ്ങില്‍ നിന്ന് ഗുര്‍ദേവിന് അവാര്‍ഡു വിവരം അറിയിച്ച് കത്തു ലഭിച്ചിട്ട് നാളുകളേറെയായി. നാലഞ്ചു ദിവസം മുമ്പാണത് പൊട്ടിച്ചു വായിക്കുന്നതും ഉള്ളടക്കത്തിന്റെ ഗൗരവമറിയുന്നതും.
ഗുര്‍ദേവിനു ലഭിച്ച ബഹുമതിയുടെ സന്തോഷം പങ്കിടുകയാണ് നാക്കോദറിലെ സത്‌ലജ് ഖാദി മണ്ഡലും. ലിറ്ററനില്‍ നെയ്‌ത്തുകേന്ദ്രം തുടങ്ങിയത് ഈ സ്ഥാപനമാണ്. സത്രീകള്‍ക്ക് അവിടെ നിന്ന് പരുത്തി നല്‍കും. അവരത് നൂലാക്കി തിരികെ നല്‍കും. എങ്കിലും അക്കൂട്ടത്തില്‍ ഗുര്‍ദേവിന്റെ കഴിവിനെ വെല്ലാന്‍ ആരുമില്ല. നൂലിഴ പൊട്ടിപ്പോകാതെ നെയ്യുന്ന പാടവം ഗംഭീരം.
കുടുംബത്തിലെ അടുത്ത തലമുറയ്‌ക്കു കൂടി നെയ്‌ത്തുപാഠങ്ങള്‍ പകര്‍ന്നു നല്‍കിയതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് ഗുര്‍ദേവ്.
















