ചെന്നൈ: ഭരണകക്ഷിയായ എഐഎഡിഎംകെ യുടെ 45ാം വാര്‍ഷികാഘോഷം തിങ്കളാഴ്ച തീര്‍ത്തും മൂകമായ അന്തരീക്ഷത്തില്‍ ആഘോഷങ്ങളില്ലാതെ കടന്നുപോയി. റോഡുകളില്‍ ബാനറുകളും കൊടിതോരണങ്ങളും പടക്കങ്ങളുമെല്ലൊം പതിവാണെങ്കിലും ഇത്തവണ അതൊന്നുമില്ലായിരുന്നു. മധുരപലഹാര വിതരണവും സ്ത്രീകളുടെ പതിവ് ആട്ടവും പാട്ടും ഉണ്ടായില്ല. പാര്‍ട്ടി നേതാവ് മുഖ്യമന്ത്രി ജയലളിത രോഗശയ്യയിലായതിന്റെ പശ്ചാത്തലത്തിലാണിത്.
റോയപേട്ടയിലെ എംജിആര്‍ പ്രതിമയില്‍ പാര്‍ട്ടി പ്രസീഡിയം ചെയര്‍മാന്‍ മധുസൂദനന്‍ പതാകയുയര്‍ത്തി. വാര്‍ഷികത്തിന്റെ ഭാഗമായുള്ള സോവനീര്‍ മുന്‍ എംപി അന്‍പഴകനു നല്‍കി പ്രകാശനം ചെയ്തു. ചടങ്ങില്‍ അനുയായികള്‍ ജയളിതയ്‌ക്കായി മുദ്രാവാക്യം വിളിച്ചു. മന്ത്രിമാരായ ഒ.പനീര്‍ശെല്‍വം, ഡിണ്ടിഗല്‍ കെ.ശ്രീനിവാസന്‍ എടപ്പാടി കെ. പളനിസ്വാമി,സെല്ലൂര്‍ കെ.രാജു തുടങ്ങി ഒട്ടേറെപ്പേര്‍ ചടങ്ങിനെത്തിയിരുന്നു.
ഇത് രണ്ടാം തവണയാണ് പാര്‍ട്ടി വാര്‍ഷികത്തിന് ജയലളിതയുടെ അഭാവമറിയുന്നത്. 2014ല്‍ ബെംഗളൂരു ജയിലിലിലായിരുന്ന വേളയിലായിരുന്നു ഇത്. പാര്‍ട്ടി രൂപീകരണം നടന്ന നീലഗിരിയിലായിരുന്നു കഴിഞ്ഞതവണ ജയലളിതയും കൂട്ടരും വാര്‍ഷികം ആഘോഷിച്ചത്. ഇത്തവണ ദീപാവലിയും ആഘോഷിക്കില്ലെന്നാണ് അനുയായികളുടെ തീരുമാനം. അമ്മ തിരിച്ചുവരുന്ന ദിവസമാണ് തങ്ങളുടെ ദീപാവലിയെന്നാണ് അവരുടെ പക്ഷം.
















