കൊല്‍ക്കത്ത: ഹിമാചല്‍പ്രദേശിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് ആറ് വിക്കറ്റിന്റെ തോല്‍വി. രണ്ടാമിന്നിങ്‌സില്‍ കേരളം ഉയര്‍ത്തിയ 103 റണ്‍സിന്റെ വിജയലക്ഷ്യം ഹിമാചല്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ജയത്തോടെ രഞ്ജിയില്‍ ഹിമാചലിന് ആറു പോയിന്റായി. ഹിമാചലിന്റെ ഗുര്‍വിന്ദര്‍ സിങ് മാന്‍ ഓഫ് ദി മാച്ച്.
ആദ്യ ഇന്നിങ്ങ്‌സില്‍ 13 റണ്‍സിന്റെ ലീഡ് വഴങ്ങിയ കേരളത്തെ രണ്ടാം ഇന്നിങ്ങ്‌സില്‍ ഹിമാചല്‍ ബൗളര്‍മാര്‍ 115 റണ്‍സിന് എറിഞ്ഞിട്ടതോടെയാണ് ഹിമാചലിന്റെ ജയത്തിന് കളാെമരുങ്ങിയത്. കേരളത്തിന്റെ ഒന്നാം ഇന്നിങ്ങ്‌സ് സ്‌കോറായ 248 റണ്‍സിനെതിരെ ഹിമാചല്‍ 261 റണ്‍സ് നേടി.
കേരളത്തിന്റെ രണ്ടാം ഇന്നിങ്ങ്‌സില്‍ അഞ്ച് പേര്‍ രണ്ടക്കം കടക്കാതെ മടങ്ങി. 20 റണ്‍സ് വീതം നേടിയ റോഹന്‍ പ്രേമും ബാസില്‍ തമ്പിയും ടോപ്‌സ്‌കോര്‍. ഭവിന്‍ തക്കര്‍ (16), ജലജ് സക്‌സേന (11), ഇഖ്ബാല്‍ അബ്ദുള്ള (15), മനുകൃഷ്ണന്‍ (12) എന്നിവര്‍ രണ്ടക്കം കടന്ന മറ്റുള്ളവര്‍. സച്ചിന്‍ ബേബി, സഞ്ജു സാംസണ്‍ എന്നിവര്‍ ഒരു റണ്‍ വീതം നേടി പുറത്തായി.
15.5 ഓവറില്‍ 37 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ ജി.കെ. സിങും 14 ഓവറില്‍ 25 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്ത എം.ജെ. ദാഗറും രണ്ട് വിക്കറ്റ് വീഴ്‌ത്തിയ റിഷി ധവാനുമാണ് കേരളത്തെ ചെറിയ സ്‌കോറില്‍ എറിഞ്ഞിട്ടത്.
തുടര്‍ന്ന് രണ്ടാം ഇന്നിങ്ങ്‌സ് ആരംഭിച്ച ഹിമാചലിന് ആദ്യ വിക്കറ്റ് സ്‌കോര്‍ ബോര്‍ഡ് തുറക്കും മുന്‍പേ നഷ്ടമായി. ബെയ്ന്‍സിനെ സന്ദീപ് വാര്യര്‍ മോനിഷിന്റെ കൈകളിലെത്തിച്ചു. എന്നാല്‍ 21 റണ്‍സ് നേടിയ പ്രശാന്ത് ചോപ്രയും 20 റണ്‍സ് നേടിയ നിഖില്‍ ഗാങ്ടയും പുറത്താകാതെ 27 റണ്ണെടുത്ത പരസ് ദോഗ്രയും 20 റണ്‍സെടുത്ത ബിസ്തും ചേര്‍ന്നാണ് ഹിമാചലിനെ വിജയത്തിലേക്ക് നയിച്ചത്. കേരളത്തിനായി മോനിഷ് മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി.
20ന് ഭുവനേശ്വറില്‍ ഹൈദരാബാദിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.
ഗ്രൂപ്പ് സിയിലെ മറ്റൊരു മത്സരത്തില്‍ ജമ്മുകശ്മീരും മികച്ച വിജയം നേടി. ഗോവയെ 116 റണ്‍സിനാണ് ജമ്മുകശ്മീര്‍ കീഴടക്കിയത്. സ്‌കോര്‍ ചുരുക്കത്തില്‍: ജമ്മുകശ്മീര്‍ 227, 261. ഗോവ: 77, 295.
ഗ്രൂപ്പ് ബിയിലെ മത്സരത്തില്‍ രാജസ്ഥാന്‍ തകര്‍പ്പന്‍ ജയം കരസ്ഥമാക്കി.ഇന്നിങ്ങ്‌സിനും എട്ട് റണ്‍സിനും അവര്‍ ആസാമിനെ കീഴടക്കി.സ്‌കോര്‍ ചുരുക്കത്തില്‍: ആസാം: 195, 69. രാജസ്ഥാന്‍: 272.
















