റോം: 2024 ഒളിമ്പിക്‌സ് ആതിഥേയത്വത്തിനുള്ള ശ്രമത്തില്‍ നിന്ന് ഇറ്റാലിയന്‍ തലസ്ഥാനമായ റോം പിന്മാറി. അപേക്ഷ ഇറ്റാലിയന്‍ ഒളിമ്പിക് കമ്മിറ്റി പിന്‍വലിച്ചു. നഗരസഭാ കൗണ്‍സില്‍ ഒളിമ്പിക് നടത്തിപ്പിനെതിരെ പ്രമേയം പാസാക്കിയതാണ് തീരുമാനത്തിനു പിന്നില്‍. ഇതോടെ, പാരീസ്, ലോസ് ഏയ്ഞ്ചല്‍സ്, ബുഡാപെസ്റ്റ് നഗരങ്ങള്‍ മാത്രമായി ആതിഥേയത്വത്തിനായി രംഗത്തുള്ളത്.
റോമിലെ ഭരണകക്ഷിയായ ഫൈവ് സ്റ്റാര്‍ പാര്‍ട്ടി ഒളിമ്പിക്‌സ് നടത്താനുള്ള നീക്കത്തിന് തുടക്കം മുതല്‍ എതിരായിരുന്നു. ജൂണില്‍ നഗരഭരണത്തിലെത്തിയതോടെ നീക്കത്തിനു വേഗമേറി. മാലിന്യ സംസ്‌കരണവും അഴിമതിയില്ലാതാക്കലുമാണ് പ്രധാന ലക്ഷ്യമെന്ന് തീരുമാനം ന്യായീകരിച്ച് മേയര്‍ വിര്‍ജിന റാഗ്ഗി പറഞ്ഞു. തീരുമാനത്തെ വിഡ്ഢിത്തമെന്നാണ് അന്തര്‍ദേശീയ ഒളിമ്പിക് കമ്മിറ്റി അധ്യക്ഷന്‍ ജിയൊവാനി മലാഗൊ വിശേഷിപ്പിച്ചത്. അടുത്ത സപ്തംബറില്‍ ആതിഥേയ നഗരത്തെ പ്രഖ്യാപിക്കും.
ഇത് രണ്ടാം തവണയാണ് റോം പിന്മാറുന്നത്. 2020 ഒളിമ്പിക്‌സിനായി 2012ല്‍ അപേക്ഷ നല്‍കിയെങ്കിലും അന്നത്തെ ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയൊ മോണ്ടിയുടെ എതിര്‍പ്പ് തടസമായി. ചെലവ് താങ്ങാന്‍ രാജ്യത്തിനാകില്ലെന്ന നിലപാടിലായിരുന്നു അദ്ദേഹം.
















