മുംബൈ: തുടരെ മൂന്നാം ജയമെന്ന മുംബൈ സിറ്റി എഫ്‌സിയുടെ മോഹം അത്‌ലറ്റികോ ഡി കൊല്‍ക്കത്ത തല്ലിക്കെടുത്തി. നിശ്ചിത സമയം പൂര്‍ത്തിയാകാന്‍ എട്ടു മിനിറ്റ് മുന്‍പു വരെ ഒരു ഗോളിനു മുന്നിലായിരുന്ന മുംബൈയെ പിടിച്ചുകെട്ടി അത്‌ലറ്റികോ. 72ാം മിനിറ്റില്‍ ചുവപ്പു കാര്‍ഡ് കണ്ട് പ്രണോയ് ഹാല്‍ദര്‍ മടങ്ങിയത് മുംബൈയ്‌ക്ക് തിരിച്ചടിയായി.
സ്വന്തം മൈതാനത്ത് മുന്‍തൂക്കം നിലനിര്‍ത്തിയ മുംബൈ 27ാം മിനിറ്റില്‍ ലീഡെടുത്തു. അഡ്രിയാന്‍ ഡിഫെഡറിക്കൊ സ്‌കോറര്‍. ഐബൊര്‍ലോങ് ഖോന്‍ജീ നല്‍കിയ പാസ് അര്‍ണബിനെയും കോത്തലിനെയും കബളിപ്പിച്ച് ലക്ഷ്യത്തിലെത്തിച്ചു അര്‍ജന്റീന താരം. നിരന്തര സമ്മര്‍ദത്തിനൊടുവില്‍ 82ാം മിനിറ്റിലാണ് കൊല്‍ക്കത്ത ലക്ഷ്യം കണ്ടത്. ജാവിയര്‍ ലാറ സ്‌കോറര്‍. ബോറിയ ഫെര്‍ണാണ്ടസ് നല്‍കിയ പന്ത് അനായാസം വലയിലെത്തിച്ചു താരം. ഐഎസ്എല്ലില്‍ 3,000 മിനിറ്റ് കളത്തിലിറങ്ങിയ ആദ്യ താരമെന്ന നേട്ടവും മത്സരത്തില്‍ ബോറിയ സ്വന്തമാക്കി.
രണ്ടുവട്ടം മഞ്ഞക്കാര്‍ഡ് കണ്ടതാണ് പ്രണോയ്‌ക്ക് വിനയായത്. 54ാം മിനിറ്റില്‍ ആദ്യം ബുക്കിങ്. 72ാം മിനിറ്റില്‍ ബോറിയയെ വീഴ്‌ത്തിയതിന് രണ്ടാം തവണയും മഞ്ഞക്കാര്‍ഡും ചുവപ്പു കാര്‍ഡും നല്‍കി റഫറി. മുംബൈയുടെ അടുത്ത മത്സരം വെള്ളിയാഴ്ച കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ. ഇന്ന് പൂനെയില്‍ പൂനെ സിറ്റി എഫ്‌സിയും നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡും ഏറ്റുമുട്ടും.
















