കൊച്ചി: അത്‌ലറ്റികോ കൊല്‍ക്കത്തക്കെതിരെ ആറ് മാറ്റങ്ങള്‍ വരുത്തിയ ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ സ്റ്റീവ് കൊപ്പല്‍ ഇന്നലെ അതിന് മുതിര്‍ന്നില്ല. മൂന്ന് മാറ്റങ്ങള്‍ മാത്രമാണ് വരുത്തിയത്. വലയ്‌ക്കു മുന്നില്‍ ഐറിഷ് താരം ഗ്രഹാം സ്റ്റാക്കിനെ മാറ്റി സന്ദീപ് നന്ദിയെ ഇറക്കി. സ്‌ട്രൈക്കര്‍മാരായി മൂന്നു വിദേശികളെയും കളിപ്പിച്ചു.
കഴിഞ്ഞ കളിയില്‍ 4-4-2 ശൈലിയില്‍ ബ്ലാസ്റ്റേഴ്‌സ് ഇന്നലെ 4-3-3 ശൈലി സ്വീകരിച്ചു. ഫറൂഖ് ചൗധരിയെ മാറ്റി മൈക്കല്‍ ചോപ്രയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തി. സെനഗല്‍ താരം എല്‍ഹാദി എന്‍ഡോയ്‌ക്ക് പകരം മധ്യനിരയില്‍ ചാഡ് ദേശീയതാരം അസ്‌റാക്ക് മഹ്മദും കളത്തിലെത്തി. മൈക്കല്‍ ചോപ്ര, ഡക്കന്‍സ് നാസണ്‍, അന്റോണിയോ ജര്‍മ്മന്‍ എന്നിവര്‍ സ്‌ട്രൈക്കര്‍മാരായി. മധ്യനിരയില്‍ കളിമെനയുക എന്ന ദൗത്യം മുഹമ്മദ് റഫീഖും മെഹ്താബ് ഹുസൈനും അസ്‌റാക്ക് മുഹമ്മദിനുമായിരുന്നു. പ്രതിരോധത്തില്‍ ഇടതു വലതു വിങ് ബാക്കുകളായി സ്പാനിഷ് താരം ഹോസു കുരായിസും പ്രതിക് ചക്രവര്‍ത്തിയും ഇടം പിടിച്ചപ്പോള്‍ ഫുള്‍ബാക്കുകളായി സെഡ്രിക് ഹെങ്ബര്‍ട്ടും സന്ദേശ് ജിംഗാനും.
ഡൈനാമോസ് പരിശീലകന്‍ ജിയാന്‍ലൂക്ക സംബ്രോട്ടയും ചില മാറ്റങ്ങള്‍ വരുത്തി. 4-1-4-1 ശൈലിയിലാണ് ടീമിനെ വിന്യസിച്ചത്. കഴിഞ്ഞ കളിയില്‍ പകരക്കാരനായി ഇറങ്ങിയ ഫ്രഞ്ച് താരം ഫ്‌ളോറന്റ് മലൂദക്കൊപ്പം ലാല്‍ചാന്‍കിമയെയും ബഡാര ബാജിയെയും ആദ്യ ഇലവനില്‍ ഇടംപിടിച്ചു. ബഡാര ബാജിയായിരുന്നു സ്‌ട്രൈക്കറുടെ റോളില്‍. ഘാന താരവും സൂപ്പര്‍ സ്‌ട്രൈക്കറുമായ റിച്ചാര്‍ഡ് ഗാഡ്‌സെയും മധ്യനിര താരം എമേഴ്‌സണ്‍ മൗറയെയും പകരക്കാരുടെ ബെഞ്ചിലായിരുന്നു.
പരിക്കിന്റെ പിടിയിലായമലയാളി പ്രതിരോധനിരതാരം അനസ് എടത്തൊടിക പകരക്കാരുടെ ബെഞ്ചിലും ഉണ്ടായിരുന്നില്ല.
















