ഡര്‍ബന്‍: റണ്‍ പിന്തുടരലിലെ റെക്കോഡ് പ്രകടനത്തോടെ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. അഞ്ച് മത്സര പരമ്പരയിലെ മൂന്നാം ഏകദിനം നാലു ലവിക്കറ്റിന് ജയിച്ച് നേട്ടം. നിശ്ചിത 50 ഓവറില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 371 റണ്‍സ്, നാലു പന്ത് ബാക്കി നില്‍ക്കെ മറികടന്നു ദക്ഷിണാഫ്രിക്ക. ആറാമനായിറങ്ങി 79 പന്തില്‍ പുറത്താകാതെ 118 റണ്‍സ് നേടിയ ഡേവിഡ് മില്ലര്‍ വിജയശില്‍പ്പി. കളിയിലെ താരവും മില്ലര്‍. സ്‌കോര്‍: ഓസ്‌ട്രേലിയ – 371/6 (50), ദക്ഷിണാഫ്രിക്ക – 372/6 (49.2).
ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന റണ്‍ പിന്തുടരലിന് ഉടമകളായ ദക്ഷിണാഫ്രിക്ക, രണ്ടാമത്തേതും ഇന്ത്യയില്‍ നിന്ന് തട്ടിയെടുത്തു. എല്ലാത്തിലും എതിരാളികള്‍ ഓസ്‌ട്രേലിയയെന്നത് കൗതുകം. 2015 ജൂണില്‍ ഇന്ത്യ പിന്തുടര്‍ന്ന 362/1 ആയിരുന്നു മികച്ച രണ്ടാമത്തേത്. 2006 മാര്‍ച്ചില്‍ ദക്ഷിണാഫ്രിക്ക നേടിയ 438/9 ആണ് റെക്കോഡ്.
ആദ്യ രണ്ടു കളികളും തോറ്റ് പ്രതിസന്ധിയിലായിരുന്ന ലോക ചാമ്പ്യന്മാരായ ഓസീസ് മൂന്നാമത്തേതില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്തു. ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ (117), നായകന്‍ സ്റ്റീവന്‍ സ്മിത്ത് (108) എന്നിവരുടെ സെഞ്ചുറികളോടെയാണ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ആരോണ്‍ ഫിഞ്ചും (53) പിന്തുണച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കായി ഡെയ്ല്‍ സ്റ്റെയ്ന്‍, ഇമ്രാന്‍ താഹിര്‍ രണ്ടു വീതം വിക്കറ്റെടുത്തു.
ഓപ്പണര്‍മാര്‍ ക്വിന്റണ്‍ ഡി കോക്കും (70), ടീമിലേക്കു തിരിച്ചെത്തിയ ഹാഷിം അംലയും (45) നല്‍കിയ മികച്ച തുടക്കമാണ് ആതിഥേയര്‍ക്ക് അടിത്തറയിട്ടത്. ആറിന് 265 എന്ന നിലയില്‍ ഒത്തുചേര്‍ന്ന മില്ലറും ആന്‍ഡിലെ ഫെഹ്ലുക്വായോയും (42) കൂടുതല്‍ നഷ്ടങ്ങളില്ലാതെ ടീമിനെ ജയത്തിലേക്കു നയിച്ചു. പത്ത് ഫോറും ആറു സിക്‌സറുമുള്‍പ്പെടെ മില്ലറുടെ ശതകം. 39 പന്ത് നേരിട്ടു ഫെഹ്ലുക്വായോ. ഓസീസിനായി ഹേസ്റ്റിങ്‌സ് രണ്ടു വിക്കറ്റെടുത്തു.
















