ഐഎസ്എല്ലില്‍ ദല്‍ഹി ഡൈനാമോസ്-ചെന്നൈയിന്‍ എഫ്‌സി മത്സരത്തില്‍ നിന്ന്
ചെന്നൈ: ജേതാക്കളുടെ പകിട്ടോടെയെത്തിയ ചെന്നൈയിന്‍ എഫ്‌സിയെ തകര്‍ത്ത് ദല്‍ഹി ഡൈനാമോസ് ഐഎസ്എല്ലില്‍ തുടക്കം ഗംഭീരമാക്കി. ചെന്നൈയിന്റെ മറീന അരീനയിലെത്തിയ കാണികളെ ത്രസിപ്പിച്ച കളിയില്‍ ദല്‍ഹിക്ക് ഒന്നിനെതിരെ മൂന്നു ഗോളിന്റെ ജയം.
ബ്രസീലിയന്‍ സൂപ്പര്‍ താരം മാഴ്‌സലീഞ്ഞൊയുടെ ഇരട്ട ഗോളില്‍ ദല്‍ഹിയുടെ ജയം. 26, 34 മിനിറ്റുകളിലാണ് ബ്രസീല്‍ താരം ലക്ഷ്യം കണ്ടത്. പകരക്കാരനായി ഇറങ്ങിയ ബദാരാ ബാദ്ജി 84ാം മിനിറ്റില്‍ സ്‌കോര്‍ ചെയ്ത് ദല്‍ഹിയുടെ പട്ടിക പൂര്‍ത്തിയാക്കി.
മാഴ്‌സലീഞ്ഞൊയിലൂടെ മുന്നിലെത്തിയ ദല്‍ഹിയെ 32ാം മിനിറ്റില്‍ ഡുഡുവിലൂടെ ചെന്നൈ പിടിച്ചുകെട്ടിയെങ്കിലും പിന്നീട് കളി കൈവിട്ടു. ഒമ്പതിന് കൊച്ചിയില്‍ കേരളത്തിനെതിരെ ദല്‍ഹിയുടെ അടുത്ത മത്സരം.
















