കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് നബാര്‍ഡ് സഹായത്തോടെ നിര്‍മിച്ച മയ്യില്‍ ഹയര്‍സെക്കണ്ടറി കോംപ്ലക്‌സ് നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 12 മണിക്ക് നടക്കുന്ന ചടങ്ങില്‍ ജെയിംസ് മാത്യു എംഎല്‍എയുടെ ആസ്തിവികസന ഫണ്ടുപയോഗിച്ച് പൂര്‍ത്തീകരിച്ച ഓഡിറ്റോറിയം, മൂന്ന് ക്ലാസ് മുറികളുള്ള കെട്ടിടം എന്നിവയുടെ ഉദ്ഘാടനം പി.കെ.ശ്രീമതി എംപിയും നിര്‍വ്വഹിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 3.98 കോടി രൂപ ചെലവില്‍ മൂന്ന് നിലകളിലായി റിക്കോര്‍ഡ് വേഗതയിലാണ് ജില്ലാ നിര്‍മിതി കേന്ദ്രം കെട്ടിടത്തിന്റെ പണി പൂര്‍ത്തീകരിച്ചിട്ടുള്ളത്. പുതിയ ഹയര്‍സെക്കണ്ടറി കോംപ്ലക്‌സ് യാഥാര്‍ത്ഥ്യമാകുന്നതോടെ ജില്ലയിലെ തന്നെ ഏറ്റവുംമികച്ച അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ ഹയര്‍സെക്കണ്ടറി സ്‌കൂളായി മയ്യില്‍ സ്‌കൂള്‍ മാറും. നിലവില്‍ 66 ഡിവിഷനുകളിലായി 3,712 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ബാലന്‍, പിടിഎ പ്രസിഡന്റ് പി.പവിത്രന്‍, പ്രധാനാധ്യാപകന്‍ പി.കെ.ഹരീന്ദ്രന്‍, വിനോദ് മാസ്റ്റര്‍, ദേവദാസ് എന്നിവര്‍ പങ്കെടുത്തു.
















