കൊച്ചി: ശബരിമല ക്ഷേത്രത്തിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അനാവശ്യമാണെന്നും നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് സ്ത്രീകളെ അവിടെ ദര്‍ശനം നടത്താന്‍ അനുവദിക്കേണ്ടതില്ലെന്നും യോഗക്ഷേമ വനിതാ സഭ അഭിപ്രായപ്പെട്ടു.
അന്‍പത് വയസ് തികയുന്നതുവരെ കാത്തിരിക്കാന്‍ അന്തര്‍ജനങ്ങള്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചുകൊണ്ട്, ഇടപ്പള്ളി യോഗക്ഷേമസഭ വനിതാസഭയുടെ നേതൃത്വത്തില്‍ പ്രകടനം നടന്നു.
‘റെഡി ടു വെയ്റ്റ് ഫോര്‍ അവര്‍ ടേണ്‍’ എന്ന പേരില്‍ ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിന് സമീപത്തുനിന്നാരംഭിച്ച വനിതാറാലി യോഗക്ഷേമസഭ വനിതാ സഭ ജില്ലാ പ്രസിഡന്റ് വി.എസ്. മാലതീദേവി ഉദ്ഘാടനം ചെയ്തു. രതി മംഗലം, ഡോ. പ്രേമ ഡി. നമ്പൂതിരി, രവി പന്തല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മാമംഗലം എസ്എന്‍ഡിപി ഹാളില്‍ നടന്ന ഉപസഭാ ഫെസ്റ്റ്, യോഗക്ഷേമസഭ മുന്‍ സംസ്ഥാന പ്രസിഡന്റ് പുലിയന്നൂര്‍ വാസുദേവന്‍ നമ്പൂതിരിപ്പാട് ഉദ്ഘാടനംചെയ്തു.
ജില്ലാ പ്രസിഡന്റ് കെ.ആര്‍. കൃഷ്ണന്‍ ഭട്ടതിരിപ്പാട്, ഉപസഭാ പ്രസിഡന്റ് കൈതപ്രം വാസുദേവന്‍ നമ്പൂതിരി, ബ്രിഗേഷ് പട്ടശ്ശേരി, മംഗലത്ത് ഗോവിന്ദന്‍ നമ്പൂതിരി, വെടിയൂര്‍ രാമന്‍ നമ്പൂതിരിപ്പാട്, വിഷ്ണുദേവ് എന്നിവര്‍ സംസാരിച്ചു.
















