ന്യൂദല്‍ഹി: ബിസിസിഐയുടെ അക്കൗണ്ടുകള്‍ ബാങ്കുകള്‍ മരവിപ്പിച്ചു. ജസ്റ്റിസ് ലോധ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം നടപടി. ഇതോടെ, സംസ്ഥാന അസോസിയേഷനുകള്‍ക്ക് ഫണ്ട് കൈമാറാനാകില്ല. ഇന്ത്യ-ന്യൂസിലന്‍ഡ് ക്രിക്കറ്റ് പരമ്പരയെ നടപടി ബാധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.
താരങ്ങള്‍ക്ക് പ്രതിഫലം നല്‍കാനാകില്ലെന്നതാണ് പരമ്പര അനിശ്ചിതത്വത്തിലാക്കുന്നത്. അല്ലെങ്കില്‍ പ്രതിഫലമില്ലാതെ താരങ്ങള്‍ കളിക്കേണ്ടിവരും.
എന്നാല്‍, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നും തങ്ങള്‍ മുന്നോട്ടു വെച്ച നിര്‍ദേശങ്ങള്‍ ബിസിസിഐ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും ജസ്റ്റിസ് ലോധ വ്യക്തമാക്കി. സുപ്രീംകോടതിയുടെ ഉത്തരവ് ലംഘിച്ച് ബിസിസിഐ നടത്തിയ ധനയിടപാടുകള്‍ തടഞ്ഞുകൊണ്ട് ബാങ്ക് ഓഫ് മഹാരാഷ്‌ട്ര, യെസ് ബാങ്ക് എന്നിവര്‍ക്ക് ലോധ കമ്മിറ്റി നിര്‍ദേശം നല്‍കിയെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നത്.
കഴിഞ്ഞ ബിസിസിഐ യോഗത്തില്‍ അനുമതിയില്ലാതെ ഫണ്ട് വിതരണത്തിന് തീരുമാനമെടുത്തുവെന്നു ചൂണ്ടിക്കാട്ടിയാണ് ലോധ കമ്മറ്റിയുടെ നടപടി. ബാങ്ക് ഓഫ് മഹാരാഷ്‌ട്ര, യെസ് ബാങ്ക് എന്നിവിടങ്ങളിലെ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്.
പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. ഒരു ടെസ്റ്റും അഞ്ച് ഏകദിനങ്ങളുമാണ് ഇനി പരമ്പരയില്‍ ബാക്കിയുള്ളത്. പരമ്പര നിര്‍ത്തുന്നത് സംബന്ധിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.
















