ശ്രീകണ്ഠപുരം: മലബാറിന്റെ മോസസ് എന്നറിയപ്പെടുന്ന തലശ്ശേരി അതിരൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പള്ളിയുടെ നാമധേയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ബിഷപ്പ് വള്ളോപ്പള്ളി സ്മാരക കുടിയേറ്റ മ്യൂസിയത്തിന് തറക്കല്ലിട്ട് ഒരുവര്‍ഷം കഴിഞ്ഞെങ്കിലും പ്രവര്‍ത്തി തുടങ്ങിയിട്ടില്ല. ഒരു കോടി രൂപ ഇതിനായി വകയിരിത്തിയിട്ടുണ്ട്. ചെമ്പന്തൊട്ടി ഫൊറോന പള്ളി സൗജന്യമായി നല്‍കിയ ഒരേക്കര്‍ സ്ഥലത്താണ് സ്മാരകം പണിയേണ്ടത്. അന്നത്തെ സാംസ്‌കാരിക വകുപ്പുമന്ത്രിയായ കെ.സി.ജോസഫാണ് തറക്കല്ലിട്ടത്. സാംസ്‌കാരിക വകുപ്പ് മന്ത്രി ചെയര്‍മാനും ഡോ.കെ.വി.ഫിലോമിന വൈസ് ചെയര്‍മാനുമായ ഇതിന്റെ ഭരണ സമിതി യോഗം വിളിച്ചുചേര്‍ത്തിട്ടുതന്നെ അഞ്ച് മാസം കഴിഞ്ഞു. സ്ഥാപനത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങാത്തതിനാല്‍ ഇവിടെ സാമൂഹ്യവിരുദ്ധരുടെ വിളയാട്ടമാണ്. ഭരണ സമിതി യോഗം ഉടന്‍ വിളിച്ചുചേര്‍ക്കണമെന്നും നിര്‍മ്മാണ പ്രവര്‍ത്തനം ഉടന്‍ തുടങ്ങണമെന്നും ബിഷപ് വള്ളോപ്പള്ളി സ്മാരക കുടിയേറ്റ മ്യൂസിയം വൈസ് ചെയര്‍മാന്‍ ഡോ.കെ.വി.ഫിലോമിന ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.
















