കണ്ണൂര്‍: ലോക വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ആനകളുടെ സംരക്ഷണം ഉറപ്പാക്കുക എന്ന സന്ദേശവുമായി ബോധവത്കരണ ജാഥ സംഘടിപ്പിച്ചു. വനംവകുപ്പ് സാമൂഹിക വനവത്കരണ വിഭാഗം, മലബാര്‍ അവയര്‍നസ് ആന്‍ഡ് റസ്‌ക്യു സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് (മാര്‍ക്ക്), പ്രസാദ് ഫാന്‍സ് അസോസിയേഷന്‍, ചൊവ്വ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവര്‍ സയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. വനനശീകരണം തടയുക, ആനകളുടെ സ്വാഭാവിക ആവാസവ്യവസ്ഥ നിലനിര്‍ത്തുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്ന ജാഥ. ചൊവ്വ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് ആരംഭിച്ച ബോധവത്കരണ ജാഥ കണ്ണോത്തുംചാല്‍ ഫോറസ്റ്റ് ഡിവിഷന്‍ ഓഫീസില്‍ സമാപിച്ചു. പി.കെ.ശ്രീമതി എംപി ഫ്‌ളാഗോഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. ചൊവ്വ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ആനകളുടെ മുഖംമൂടിയണിഞ്ഞാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റര്‍ പി. ബിജു, റെയ്ഞ്ച് ഓഫീസര്‍ സത്യപ്രഭ, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആഷ, സുധീന്ദ്രന്‍, ആഷ്‌ലി ജോസ്, റോഷ്‌നാഥ് രമേഷ്, ഭാസ്‌കരന്‍ വെള്ളൂര്‍, കെ.പി. രാജേഷ്, നിതിന്‍ ചാത്തോത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
















