കണ്ണൂര്‍: പാനൂര്‍ കനകമലയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പതിവ് നാടകവുമായി ബന്ധുക്കളും സുഹൃത്തുക്കളും രംഗത്ത്. എന്‍ഐയുടെ അറസ്റ്റിലായ മന്‍സീദിന് തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി യാതൊരു വിധ ബന്ധവുമില്ലെന്നാണ് കഴിഞ്ഞ ദിവസം മന്‍സീദിന്റെ ഭാര്യയും സഹോദരിയും ബന്ധുക്കളും ചില മാധ്യമങ്ങളോട് പറഞ്ഞത്. ഇതിന് ശക്തിപകരാന്‍ പിന്നാലെ ചില സുഹൃത്തുക്കളും രംഗത്തെത്തി. ഇത്തരം നാടകങ്ങള്‍ക്ക് പിന്നില്‍ ദേശസ്‌നേഹത്തിന്റെ മൂട് പടമണിഞ്ഞ് പ്രവര്‍ത്തിക്കുന്ന ചില സംഘടനകളാണ്. ഇവര്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന നാടകം അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഭംഗിയായി നടപ്പിലാക്കും. നേരത്തെയും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മത തീവ്രവാദികള്‍ അറസ്റ്റിലായപ്പോള്‍ ഇതേ തരത്തിലുള്ള നാടകവുമായി ബന്ധുക്കള്‍ രംഗത്തിറങ്ങിയിരുന്നു. കണ്ണൂര്‍ സിറ്റിയില്‍ നിന്ന് പാക്കിസ്ഥാനില്‍ പോയി പരിശീലനം നേടി ഇന്ത്യന്‍ സൈന്യത്തിനെതിരെ യുദ്ധം ചെയ്ത മതഭീകരവാദികള്‍ കൊല്ലപ്പെട്ടപ്പോഴും ഇതേ നാടകം തന്നെയാണ് അരങ്ങേറിയത്. ഭീകരവാദികളുടെ മയ്യത്ത് പോലും കാണേണ്ടെന്ന് മാധ്യമങ്ങളെ വിളിച്ചുകൂട്ടി പറഞ്ഞ് ഭീകരവാദികളുടെ ഉമ്മ കയ്യടി നേടുകയും ചെയ്തു. നാറാത്ത് തീവ്രവാദ പരിശീലനത്തിനിടെ ഇരുപത്തിയൊന്ന് മതതീവ്രവാദികള്‍ പോലീസ് പിടിയിലായപ്പോള്‍ യോഗ പരിശീലനമെന്നായിരുന്നു രക്ഷിതാക്കളും തീവ്രവാദ സംഘടനകളും പ്രചരിപ്പിച്ചത്. പിന്നീട് അന്വേഷണ സംഘം കൂടുതല്‍ തെളിവുകള്‍ കണ്ടെത്തി ഭീകരവാദ പരിശീലനം തന്നെയാണ് നടത്തിയതെന്ന് സ്ഥിരീകരിച്ചപ്പോള്‍ തങ്ങളുടെ മക്കളെ ചതിക്കുകയായിരുന്നുവെന്നയായിരുന്നു വിശദീകരണം. കുടുംബാംഗങ്ങളുടെ ഒത്താശയോടെ മതഭീകരവാദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ നിയമത്തിന് മുന്നിലെത്തുമ്പോള്‍ ബാക്കിയുളളവര്‍ക്ക് സുരക്ഷിതരാകാനാണ് ഇത്തരം ആസൂത്രിതമായ നീക്കങ്ങള്‍ നടത്തുന്നത്. അറസ്റ്റിലാകുന്ന ഭീകരര്‍ക്ക് വേണ്ടി പിന്നീട് നിയമപ്പോരാട്ടം നടത്തുന്നത് ഇവരെ ന്യായീകരക്കുകയോ, തള്ളിപ്പറയുകയോ ചെയ്ത ബന്ധുക്കളും സുഹൃത്തുക്കളുമാണെന്നതും ശ്രദ്ധേയമാണ്.
















