പെരുമ്പാവൂര്‍: കോണ്‍ഗ്രസ് നേതാക്കളടക്കമുള്ളവര്‍ സദാചാര പോലീസ് ചമഞ്ഞ് മര്‍ദ്ദിച്ചതില്‍ മനംനൊന്ത് ദളിത് വൃദ്ധന്‍ ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് കെപിഎംഎസ്. കുന്നത്തുനാട് താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ പ്രക്ഷോഭത്തിനുരുങ്ങുകയാണ്. അയ്‌മുറി പാപ്പന്‍പടി മോളത്തുകുടി വീട്ടില്‍ കുഞ്ഞപ്പന്‍ (64) ആണ് കഴിഞ്ഞ ദിവസം മരണമടഞ്ഞത്. കോണ്‍ഗ്രസ് മണ്ഡലം നേതാക്കള്‍ അടക്കമുള്ളവരാണ് കേസിലെ പ്രതികള്‍. പ്രതികളായ ബാബു വര്‍ഗീസ്, ജോര്‍ജ്, ടിനു, സാജു എന്നിവര്‍ക്കെതിരെ കോടനാട് പോലീസ് കേസെടുത്തെങ്കിലും ഇവരെ പിടികൂടുവാന്‍ യാതൊരു ശ്രമവും ചെയ്യുന്നില്ലെന്നാണ് ആക്ഷേപം. കേസ് വഴിതിരിച്ച് വിടാനുള്ള ശ്രമം നടക്കുന്നതായും ആക്ഷേപമുണ്ട്. ദളിത് പീഡന നിരോധന നിയമപ്രകാരം കേസെടുത്തെന്ന് പറയുന്നുണ്ടെങ്കിലും മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതിനായി പോലീസ് പ്രതികളെ സഹായിക്കുകയാണന്നും കെപിഎംഎസ് നേതാക്കള്‍ പറയുന്നു. 16നാണ് പാചക തൊഴിലാളിയായ കുഞ്ഞപ്പനെ പ്രതികള്‍ മര്‍ദ്ദിച്ചത്. ഇതില്‍ മനം നൊന്ത് വിഷം കഴിച്ച ഇദ്ദേഹം വെള്ളിയാഴ്ചയാണ് മരണമടഞ്ഞത്.
















