ആദ്യ സീസണിലെ ആറാം സ്ഥാനം, കഴിഞ്ഞ തവണ ഒന്നു കൂടി താഴേക്കിറങ്ങി. ഇനിയതു മാറണം. അതിനായി ഒരുങ്ങുന്നു പൂനെ സിറ്റി.
ബോളിവുഡ് സൂപ്പര്‍താരം ഹൃത്വിക് റോഷന്റെ ഉടമസ്ഥതയിലുള്ള ടീമില്‍ രണ്ടു തവണയും മികച്ച താരങ്ങളുണ്ടായിരുന്നുവെങ്കിലും കളത്തില്‍ അതൊന്നും ഏശിയില്ല. കഴിഞ്ഞ തവണ 14 കളികളില്‍ നാല് ജയവും മൂന്ന് സമനിലയും നേടിയ പൂനെ ബാക്കിയുള്ളതില്‍ തോറ്റു. 17 ഗോള്‍ നേടിയപ്പോള്‍, 23 എണ്ണം വഴങ്ങി. ആദ്യ രണ്ട് കളികളും ജയിച്ച് തുടങ്ങിയ ശേഷം, അവസാന നാലിലും തോറ്റു.
മുഖ്യപരിശീലകനും മാര്‍ക്വീതാരവും ഉള്‍പ്പടെ മാറ്റി ടീമിനെ അടിമുടി അഴിച്ചുപണിതു. റുമാനിയന്‍ സൂപ്പര്‍താരവും കഴിഞ്ഞ സീസണിലെ മാര്‍ക്വീ താരവുമായ അഡ്രിയാന്‍ മുട്ടുവിന് പകരം ഐസ്‌ലന്‍ഡിന്റെ ഇദര്‍ ഗുഡ്‌ജോണ്‍സണ്‍ എത്തി. എന്നാല്‍ ടൂര്‍ണമെന്റ് ആരംഭിക്കുന്നതിന് മുമ്പുതന്നെ ഗുഡ്‌ജോണ്‍സണ്‍ പരിക്കേറ്റ് ടീം വിട്ടത് നിരയില്‍ നിരാശപടര്‍ത്തി.
ഗുഡ്‌ജോണ്‍സണ് പകരം മാര്‍ക്വീ താരത്തെ തീരുമാനിച്ചിട്ടില്ല. ഗുഡ്‌ജോണ്‍സണ് പുറമെ ഡിഫന്‍സീവ് മിഡ്ഫീല്‍ഡറും കാമറൂണ്‍ താരവുമായ ആന്ദ്രെ ബിക്കെയും പരിക്കിന്റെ പിടിയില്‍. ബിക്കെയ്‌ക്കും ടൂര്‍ണമെന്റില്‍ കളിക്കാനാവില്ലെന്ന് സൂചന. തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങി. ഇംഗ്ലണ്ടിന്റെ ഡേവിഡ് പ്ലാറ്റിനെ ഒഴിവാക്കി മുഖ്യപരിശീലക സ്ഥാനത്തേക്ക് അന്റോണിയോ ലോപ്പസ് ഹബാസിനെ അവരോധിച്ചു. ആദ്യ സീസണില്‍ അത്‌ലറ്റികോ കൊല്‍ക്കത്തയെ ചാമ്പ്യന്മാരാക്കി, കഴിഞ്ഞ തവണ സെമിയിലെത്തിച്ചു ലോപ്പസ്.
മുന്നേറ്റം ആകെ ഉടച്ചുവാര്‍ത്തു. ഗുഡ്‌ജോണ്‍സന്റെ അഭാവത്തില്‍ അര്‍ജന്റീനയുടെ ഗുസ്താവോ ഒബര്‍മാന്‍, സ്പാനിഷ്താരം ജീസസ് ടാറ്റോ, അത്‌ലറ്റികോ മാഡ്രിഡിഡ് ബി ടീം താരമായിരുന്ന സെനഗലിന്റെ മോമര്‍ നോയേ, മെക്‌സിക്കന്‍ താരം അനില്‍ബല്‍ സുര്‍ഡോ എന്നിവര്‍ സ്‌ട്രൈക്കര്‍മാര്‍.
മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി കരുത്തുറ്റ മധ്യനിരയുണ്ട്. ഇന്ത്യയുടെ ജപ്പാന്‍ വംശജന്‍ അരാട്ട ഇസുമി, സ്പാനിഷ് താരം ബ്രൂണോ ഹെരേരോ ആര്യാസ്, പിറ്റു, ബ്രസീലിയന്‍ കരുത്തന്‍ ജോനാഥന്‍ ലൂക്ക, കൂടാതെ യൂജിന്‍സെന്‍ ലിങ്‌ദോ, ഫ്രാന്‍സിസ് ഫെര്‍ണാണ്ടസ്, മനീഷ് മെയ്താനി, സഞ്ജു പ്രഥാന്‍, ലെനി റോഡ്രിഗസ്, ആഷിക് എന്നിവരുണ്ട്.
മുന്‍വര്‍ഷങ്ങളില്‍ മോശം പ്രകടനം നടത്തിയ പ്രതിരോധനിര ഇക്കുറി ശക്തം. ബ്രസീലിയന്‍ താരം എഡ്വേര്‍ഡ് ഫെരേര പ്രധാനി. ഒപ്പം ഇന്ത്യന്‍ സാന്നിധ്യങ്ങള്‍ അഗസ്റ്റിന്‍ ഫെര്‍ണാണ്ടസ്, ധര്‍മ്മരാജ് രാവണന്‍, ഗുര്‍മാംഗി സിങ്, നാരായണ്‍ ദാസ്, രാഹുല്‍ ബെക്കേ, യുമ്‌നം രാജു, സോഡിങ്‌ലെയ്‌ന റാള്‍ട്ടേ എന്നിവര്‍.
ഗോള്‍വലയ്‌ക്കു മുന്നില്‍ ചോരാത്ത കൈകളുമായി അര്‍മേനിയന്‍ താരം അപൗല ഈദല്‍ നിലയുറപ്പിക്കുന്നത് പൂനെക്ക് ആത്മവിശ്വാസമേകും. ഒന്നാം പതിപ്പില്‍ കൊല്‍ക്കത്തയുടെയും രണ്ടാമത്തേതില്‍ ചെന്നൈയിന്റെയും വലകാത്തത് അപൗല ഈദലായിരുന്നു. ഈദര്‍ വലകാത്ത രണ്ടു ടീമും ചാമ്പ്യന്മാകിയെന്നത് ചരിത്രം. രണ്ടാം പതിപ്പിലെ ഗോള്‍ഡണ്‍ ഗ്ലൗ പുരസ്‌കാരവും ചെന്നൈ താരത്തിന്.
ഈദലിന് കൂട്ടായി ഇന്ത്യന്‍ താരങ്ങളായ അരിന്ദം ഭട്ടാചാര്യ, വിശാല്‍ കെയ്തു എന്നിവരുമുണ്ട്.
ഒക്ടോബര്‍ മൂന്നിന് സ്വന്തം മൈതാനത്ത് ആദ്യ കളി. എതിരാളികള്‍ മുംബൈ സിറ്റി എഫ്‌സി.
















