റോം: ഇറ്റാലിയന്‍ സീരി എയില്‍ മിലാന്‍ ടീമുകള്‍ക്ക് സമനില. ഇന്റര്‍ മിലാനെ ബൊലോഗ്‌നയും എസി മിലാനെ ഫിയോറന്റീനയുമാണ് സമനിലയില്‍ തളച്ചത്.
കഴിഞ്ഞയാഴ്ച യുവന്റസിനെ തകര്‍ത്തതിന്റെ ആത്മവിശ്വാസത്തില്‍ സ്വന്തം മൈതാനത്ത് കളിക്കാനിറങ്ങിയ ഇന്റര്‍മിലാന്‍ ഇവാന്‍ പെരിസിച്ചിന്റെ ഗോളിലൂടെയാണ് സമനില പിടിച്ചത്. 14-ാം മിനിറ്റില്‍ ഡെസ്‌ട്രോ നേടിയ ഗോളിന് ബൊലോഗ്‌ന മുന്നിട്ടുനിന്നു. എന്നാല്‍ ശക്തമായി തിരിച്ചടിച്ച ഇന്റര്‍ 37-ാം മിനിറ്റില്‍ സമനില പിടിക്കുകയായിരുന്നു. ആറ് കളികളില്‍ നിന്ന് 11 പോയിന്റുമായി ഇന്റര്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു.
സ്വന്തം മൈതാനത്ത് നടന്ന കളിയിലാണ് ഫിയോറന്റീന എസി മിലാനുമായി സമനില പാലിച്ചത്. നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും സ്‌ട്രൈക്കര്‍മാര്‍ക്ക് ഒരെണ്ണം പോലും ലക്ഷ്യത്തിലെത്തിക്കാന്‍ കഴിയാത്തതാണ് ഫിയോറന്റീനക്ക് തിരിച്ചടിയായത്.
അതേസമയം മറ്റൊരു മത്സരത്തില്‍ റോമ അട്ടിമറിക്കപ്പെട്ടു. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ടോറിനോയാണ് അവരെ തകര്‍ത്തത്. ടോറിനോക്ക് വേണ്ടി ഇയാഗോ ഫാല്‍ക്വെ രണ്ട് ഗോള്‍ നേടി. ഒരെണ്ണം ആന്ദ്രെ ബലോട്ടിയും. ഫ്രാന്‍സിസ്‌കോ ടോട്ടി പെനാല്‍റ്റിയിലൂടെ റോമയുടെ ആശ്വാസ ഗോള്‍ നേടി.
പരാജയത്തോടെ റോമ 10 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മറ്റ് കളികളില്‍ ലാസിയോ 2-0ന് എംപോളിയെയും സാസ്സുലോ 1-0ന് ഉദിനെസെയെയും പരാജയപ്പെടുത്തി.
















