ചെങ്ങന്നൂര്‍: തെങ്ങുകയറാനും കൃഷിപ്പണിക്കും ആളെ കിട്ടുന്നില്ലെന്ന പരാതി ഇനി വേണ്ട. നിങ്ങളെ സഹായിക്കാന്‍ ഇനി കൃഷിവകുപ്പിന്റെ ഹരിതസേനരംഗത്തുണ്ട്. സേനയുടെ ആദ്യബാച്ച് പരിശീലനം പൂര്‍ത്തിയാക്കി. കര്‍ഷകരെയും പൊതുജനങ്ങളെയും കൃഷിയില്‍ സഹായിക്കുകയാണ് ലക്ഷ്യം.
കാര്‍ഷിക മേഖലയിലെ വിവിധ ജോലികളായ നിലം ഉഴല്‍, തടമെടുക്കല്‍, ഞാറുനടീല്‍, തെങ്ങുകയറ്റം, കൊയ്‌ത്ത്, പുരയിടം വൃത്തിയാക്കല്‍ എന്നിവയില്‍ പരിശീലനം നേടിയവരാണ് സേനാംഗങ്ങള്‍. വിവിധ കാര്‍ഷിക ഉപകരണങ്ങളും ആധുനിക യന്ത്രങ്ങളും ഉപയോഗിക്കാനുള്ള 20 ദിവസത്തെ പരിശീലനവും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്.
19 സ്തീകളും ആറ് പുരുഷന്മാരും ഉള്‍പ്പടെ 25 പേരാണ് ആദ്യ ബാച്ചില്‍ പരിശീലനം നേടിയിരിക്കുന്നത്. പച്ച വസ്തങ്ങളും പച്ചതൊപ്പിയുമടങ്ങുന്ന യൂണിഫോം ആണ് വേഷം.
ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിനോട് ചേര്‍ന്നുള്ള മോഡല്‍ അഗ്രോസെന്റര്‍ കേന്ദ്രമാക്കി പ്രവര്‍ത്തനം. അഗ്രോസെന്ററില്‍ പണമടച്ചാല്‍ വിവിധ ജോലികള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഹരിതസേനയുടെ സേവനം ലഭ്യമാകും. ഫോണ്‍: 9961249949
















