വാഷിങ്ടണ്‍: അമേരിക്കയിലെ മാളില്‍ അഞ്ചു പേരെ വെടിവച്ചു കൊന്ന അക്രമിയെ പോലീസ് പിടികൂടി. ഓക് ഹാര്‍ബര്‍ സ്വദേശി അര്‍കാന്‍ സെറ്റിന്‍ (20) ആണ് പോലീസ് പിടിയിലായത്. ചോദ്യം ചെയ്യാനായി ഇയാളെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു. അക്രമിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ഓക്ക് ഹാര്‍ബര്‍ പ്രദേശത്തു നിന്നുമാണ് ഇയാളെ പിടികൂടിയതെന്നു മാത്രമാണ് പോലീസ് വ്യക്തമാക്കിയിട്ടുള്ളത്. സംഭവത്തിന് ഭീകര ബന്ധമില്ലെന്നും പോലീസ് അറിയിച്ചു.
വാഷിങ്ടണിലെ ബര്‍ലിങ്ടണ്‍ പ്രദേശത്തെ തിരക്കേറിയ കാസ്‌കേഡ് ഷോപ്പിങ് മാളില്‍ വെള്ളിയാഴ്ച രാത്രിയാണ് വെടിവയ്‌പ്പ് നടന്നത്്. സംഭവത്തില്‍ നാലു സ്ത്രീകളും ഒരു പുരുഷനും കൊല്ലപ്പെട്ടിരുന്നു. ചാര നിറമുള്ള വസ്ത്രം ധരിച്ചയാള്‍ യാതൊരു പ്രകോപനവും കൂടാതെ ആക്രമണം നടത്തുകയായിരുന്നെന്ന് ഷോപ്പില്‍ മാളിലുണ്ടായിരുന്നവര്‍ പറഞ്ഞു.
നാലുലക്ഷത്തിലധികം ചതുരശ്ര അടി വിസ്തീര്‍ണമുള്ള കൂറ്റന്‍ മാളില്‍ വെടിവയ്‌പ് നടക്കുമ്പോള്‍ ആയിരക്കണക്കിന് ആളുകള്‍ ഉണ്ടായിരുന്നു. അക്രമത്തെ തുടര്‍ന്ന് പോലീസ് മാള്‍ ഒഴിപ്പിക്കുകയും പിന്നീട് അടച്ചിടുകയുമായിരുന്നു. സംഭവത്തിന് ശേഷം ഇയാള്‍ ഹാര്‍ബറിലേക്ക് രക്ഷപ്പെട്ടു. തെരച്ചില്‍ നടത്തിയെങ്കിലും അക്രമിയെ പോലീസിന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
പിന്നീട് സാക്ഷി മൊഴികളുടെ അടിസ്ഥാനത്തില്‍ അക്രമിയുടെ രേഖ ചിത്രം പോലീസ് പുറത്തുവിട്ടിരുന്നു.
















