അന്താരാഷ്‌ട്ര അത്‌ലറ്റുകള്‍ക്കും യുവതാരങ്ങള്‍ക്കും സായിയുടെ പുരസ്‌കാരങ്ങള്‍ സമ്മാനിച്ച് കേന്ദ്ര സ്‌പോര്‍ട്‌സ് യുവജനക്ഷേമ മന്ത്രി വിജയ് ഗോയല്‍ സംസാരിക്കുന്നു
തേഞ്ഞിപ്പലം (മലപ്പുറം): ഭാരതത്തിന്റെ കായികരംഗം സുവര്‍ണ്ണ കാലഘട്ടത്തിലേക്കെന്ന് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍. അന്താരാഷ്‌ട്ര അത്‌ലറ്റുകള്‍ക്കും യുവതാരങ്ങള്‍ക്കും സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പുരസ്‌കാരങ്ങള്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ പ്രകടനം വിലയിരുത്തുന്നതിനായി സെമിനാറുകളും സിമ്പോസിയങ്ങളും ചര്‍ച്ചകളും സംഘടിപ്പിച്ചുവരികയാണ്. രാജ്യത്ത് നിലവിലുള്ള സ്‌പോര്‍ട്‌സ് സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കും. കോര്‍പ്പറേറ്റ് മേഖലയെ സ്‌പോര്‍ട്‌സുമായി ബന്ധപ്പെടുത്തും. കായിക താരങ്ങള്‍ക്ക് അവരുടെ പിന്തുണ ലഭ്യമാക്കുകയാണ് ലക്ഷ്യം.
കായികപ്രതിഭകളെ പ്രോത്സാഹിപ്പിക്കാനും മികച്ച പരിശീലനം നല്‍കാനുമുള്ള പദ്ധതി കേന്ദ്രം ആവിഷ്‌ക്കരിക്കുന്നു. മൂന്ന് ഒളിമ്പിക്‌സുകളില്‍ മികച്ച പ്രകടനം ഉറപ്പുവരുത്താന്‍ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും. പ്രത്യേക പോര്‍ട്ടല്‍ ലോഞ്ച് ചെയ്യും. കൂടുതല്‍ സൗകര്യങ്ങളും പരിഗണനയും ആദരവും ഇന്ത്യന്‍ കോച്ചുമാര്‍ക്ക് നല്‍കണമെന്ന് തന്നെയാണ് നിലപാടെന്നും മന്ത്രി വ്യക്തമാക്കി.
വൈസ് ചാന്‍സലര്‍ ഡോ.കെ. മുഹമ്മദ് ബഷീര്‍ അദ്ധ്യക്ഷത വഹിച്ചു. പി.ടി. ഉഷ, ഒ.എം. നമ്പ്യാര്‍, ഡി. ചന്ദ്രലാല്‍, ജോസഫ് എബ്രഹാം ഉള്‍പ്പെടെ അന്താരാഷ്‌ട്ര അത്‌ലറ്റുകള്‍ക്കും വിവിധ സായ് പദ്ധതികളിലൂടെ വളരുന്ന യുവതാരങ്ങള്‍ക്കും ഗോയല്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. ഡോപിങ് കണ്‍ട്രോള്‍ റൂം, വിവിഐപി-വിഐപി ഏരിയ, റിഫ്രഷ്‌മെന്റ് ഹാള്‍, മീറ്റിങ് ഹാള്‍ തുടങ്ങിയ സംവിധാനങ്ങളോട് കൂടിയ സ്‌പോര്‍ട്‌സ് പവലിയന്‍ നിര്‍മ്മിക്കുന്നതിനായി സര്‍വകലാശാല കായിക പഠന വകുപ്പ് തയ്യാറാക്കിയ 15 കോടി രൂപയുടെ പദ്ധതി വൈസ് ചാന്‍സലര്‍, മന്ത്രിക്ക് സമര്‍പ്പിച്ചു.
















