മോസ്‌കോ: മൂന്നു ദിവസം കാണാതായ മൂന്നു വയസുകാരനെ കരടിയും ചെന്നായുമുള്ള കാട്ടില്‍, കൊടുംമഞ്ഞില്‍ നിന്ന്, ജീവനോടെ കിട്ടി. നാട്ടുകാരും വീട്ടുകാരും ത്‌സെറിന്‍ ഡോപ്ചുടിനെ രണ്ടാം മൗഗ്ലിയെന്ന് അത്ഭുതത്തോടെ വിളിക്കുന്നു. 63 വീടുകളുള്ള ഗ്രാമമൊന്നടങ്കം ത്‌സെറിനെ വീണ്ടുകിട്ടിയത് ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്.
കഴിഞ്ഞ ദിവസം അധികാരമേറ്റ, തുവ റിപ്പബ്ലിക്കിന്റെ തലവന്‍ ഷോല്‍ബാന്‍ കറാ-ഊളാണ് കുട്ടിയെ കിട്ടിയ വിവരം ബ്ലോഗിലൂടെ അറിയിച്ചത്, ”കൊച്ചു ത്‌സെറിനെ കിട്ടി, 72 മണിക്കൂര്‍ ശേഷം, ജീവനോടെ,”
റഷ്യയുടെ അതിര്‍ത്തി പ്രവിശ്യയാണ് തുവ. അവിടെ ഖുട് ഗ്രാമത്തില്‍ മൂന്നു കിലോമീറ്റര്‍ അകലെ തയ്ഗയിലാണ് ത്‌സെറിനെ കണ്ടെത്തിയത്. വീടിനുപിന്നില്‍ പിയ്- ഖെംസ്‌കി എന്ന കാടാണ്. പട്ടിക്കുട്ടിയ്‌ക്കൊപ്പം മുറ്റത്ത് കളിക്കുമ്പോഴാണ്, ത്‌സെറിനെ അടുത്തുണ്ടായിരുന്ന മുത്തശ്ശി ഒടുവില്‍ കണ്ടത്. കാണാതായതോടെ തിരച്ചില്‍ തുടങ്ങി. വീട്ടുകാരും നാട്ടുകാരും സുരക്ഷാ വിഭാഗവും തിരഞ്ഞു. റഷ്യന്‍ അത്യാഹിത മന്ത്രാലയവും പങ്കുചേര്‍ന്നു.
ത്‌സെറീനെ അമ്മാവന്‍ പേരുവിളിച്ചു നടന്നു. ശബ്ദം തിരിച്ചറിഞ്ഞ് അവന്‍ പ്രതികരിച്ചു. കണ്ടെത്തുമ്പോള്‍ ത്‌സെറീന്‍ ലാര്‍ച്ച് മരത്തിന്റെ വേരുകള്‍ക്കിടയില്‍ കമ്പിളി വസ്ത്രത്തിനുള്ളില്‍ സുരക്ഷിതനായിരുന്നു. അമ്മാവന്‍ ചെന്നെടുത്തപ്പോള്‍ പറഞ്ഞതില്‍ നിന്നു മനസ്സിലായി: പട്ടിക്കുട്ടിയുമായി കളിച്ചുകളിച്ചിവിടെത്തി. കൈയിലുണ്ടായിരുന്ന ചോക്ലേറ്റ് തിന്നു. പിന്നെ മരച്ചോട്ടില്‍ കിടന്നുറങ്ങി. പകല്‍ നല്ല ചൂടും രാത്രി കൊടും തണുപ്പുമാണ് കാട്ടില്‍. 63 വീടുകളും 400 അംഗങ്ങളുമുള്ള ഗ്രാമം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്.
















