തളിപ്പറമ്പ്: പരിയാരത്ത് വാഹനാപകടത്തില്‍ചത്ത പോത്തുകളെ പോലീസ് ഇടപെട്ട് കണ്ടെത്തി പോസ്റ്റ് മോര്‍ട്ടം നടത്തി സംസ്‌കരിച്ചു. കഴിഞ്ഞ ദിവസം പരിയാരത്ത് പോത്തുകളെ കയറ്റിപ്പോവുകയായിരുന്ന ലോറി അപകടത്തില്‍പെട്ട് ഒമ്പത് പോത്തുകളാണ് ചത്തത്. 26 പോത്തുകളെയും കൊണ്ട് പോകുകയായിരുന്ന ലോറിയാണ് പരിയാരം സെന്‍ട്രലില്‍ അപകടത്തില്‍പെട്ടത്. അപകടത്തില്‍ നിരവധി പോത്തുകള്‍ക്ക് പരിക്കേറ്റിരുന്നു. അപകടം കഴിഞ്ഞഉടന്‍ ചത്ത പോത്തുകളെ മറ്റൊരു ലോറിയില്‍ കയറ്റിക്കൊണ്ടുപോയത് സംശയത്തിന് ഇടയാക്കിയിരുന്നു. പോത്തുകളെ അജ്ഞാത കേന്ദ്രത്തില്‍ എത്തിച്ച് ഇറച്ചിയാക്കി വില്‍പന നടത്താന്‍ ശ്രമം നടക്കുന്നുണ്ടെന്നായിരുന്നു ആരോപണം. ഇക്കാര്യ ശ്രദ്ധയില്‍പെട്ട പരിയാരം എസ്‌ഐ ഒറ്റപ്പാലം എസ്‌ഐയുമായി ബന്ധപ്പെട്ട് ചത്ത പോത്തുകളുമായി പോകുകയായിരുന്ന ലോറി ഒറ്റപ്പാലത്ത് എത്തിയപ്പോള്‍ പിടികൂടി പോലീസ് സര്‍ജനെകൊണ്ട് പോസ്റ്റ് മോര്‍ട്ടം നടത്തി സംസ്‌കരിക്കുകയായിരുന്നു. അതേ സമയം പോത്തുകളെ ഒറ്റപ്പാലത്തുനിന്നും വാങ്ങിച്ച പടന്നക്കാട് ഒഴിഞ്ഞവളപ്പ് പുഞ്ചാവയലിലെ അസീനാ മന്‍സിലില്‍ ഇ.അഷറഫ് (32)നെ പരിയാരം പോലീസ് അറസ്റ്റ് ചെയ്തു. മിണ്ടാപ്രാണികളെ പീഡിപ്പിക്കുന്നതിനെതിരെയുള്ള വകുപ്പു പ്രകാരം കേസെടുത്തായിരുന്നു അറസ്റ്റ്.
















