ന്യൂദല്‍ഹി:ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്‌ക്കുനേരെ മഷിയേറ്. സംഭവവുമായി ബന്ധപ്പെട്ട് ബ്രിജേഷ് ശുക്ല എന്നയാളെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ലഫ്. ഗവര്‍ണര്‍ നജീബ് ജംഗുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ സിസോദിയയുടെ മുഖത്തേക്ക് മഷി ഒഴിക്കുകയായിരുന്നു.
വിദേശയാത്ര നടത്താന്‍ പൊതുമുതല്‍ ചെലവഴിക്കുകയാണെന്ന് ആക്രോശിച്ചായിരുന്നു ബ്രിജേഷ് ശുക്ല മഷി ഒഴിച്ചത്. ഇക്കാര്യം ഇയാള്‍ ചോദ്യം ചെയ്യലില്‍ പോലീസിനോട് സമ്മതിച്ചു.
ദല്‍ഹിയില്‍ ചിക്കുന്‍ ഗുനിയയും ഡെങ്കിപ്പനിയും പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ സിസോദിയ നടത്തിയ ഫിന്‍ലന്‍ഡ് യാത്ര വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. ദല്‍ഹിയിലെ വിദ്യാഭ്യാസ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കുന്നതിന് വേണ്ടിയാണ് സിസോദിയ ഫിന്‍ലന്‍ഡ് സന്ദര്‍ശിച്ചതെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കിയ വിശദീകരണം.
രാജ്യതലസ്ഥാനമായ ദല്‍ഹിയില്‍ പകര്‍ച്ച വ്യാധികള്‍ പടര്‍ന്ന് പിടിക്കുകയാണ്. ഇതുവരെ 30 പേര്‍ മരിച്ചതായാണ് കണക്ക്. ഏകദേശം 2200ല്‍ അധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാലിത് നിയന്ത്രിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അനാസ്ഥയുണ്ടെന്ന ആരോപണം പരക്കെ ഉയര്‍ന്നിട്ടുണ്ട്.
















