ന്യൂദല്‍ഹി: സമാജ്‌വാദി പാര്‍ട്ടിയിലെ ഉള്‍പ്പോരിന് താത്കാലിക ശമനം. പ്രശ്‌നപരിഹാരത്തിനുള്ള പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവിന്റെ നിര്‍ദ്ദേശങ്ങള്‍ മകനും മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് അംഗീകരിച്ചു. മുലായമാണ് അവസാന വാക്കെന്ന് സഹോദരന്‍ ശിവപാല്‍ യാദവും വ്യക്തമാക്കി. അഖിലേഷും ശിവ്പാലും കൂടിക്കാഴ്ച നടത്തി. ശിവ്പാലിനെ വീട്ടിലെത്തി കാണാനും പാര്‍ട്ടിയിലും കുടുംബത്തിലും പ്രശ്‌നങ്ങളില്ലെന്ന് പത്രസമ്മേളനം നടത്താനും മുലായം അഖിലേഷിനോട് ആവശ്യപ്പെട്ടിരുന്നു.
പാര്‍ട്ടി യുപി ഘടകം അധ്യക്ഷനായി മുലായം, ശിവ്പാല്‍ യാദവിനെ നിര്‍ദ്ദേശിച്ചിരുന്നു. ശിവ്പാലിനെ അഭിനന്ദിച്ച അഖിലേഷ് പൂര്‍ണ പിന്തുണയും വാഗ്ദാനം ചെയ്തു. ”ഞങ്ങള്‍ ഒരുമിച്ചാണ്. പാര്‍ട്ടിയില്‍ ഒരു പ്രശ്‌നവുമില്ല”- അഖിലേഷ് ആവര്‍ത്തിച്ചു. സംസ്ഥാന അധ്യക്ഷനായിരുന്ന അഖിലേഷിനെ മാറ്റി ശിവ്പാല്‍ യാദവിന് നേരത്തെ മുലായം ചുമതല നല്‍കിയിരുന്നു.
മന്ത്രിയായ ശിവ്പാലില്‍ നിന്ന് പ്രധാനപ്പെട്ട വകുപ്പുകള്‍ അഖിലേഷ് എടുത്തുമാറ്റിയിരുന്നു. ഇത് തിരിച്ചുനല്‍കും. കഴിഞ്ഞ ദിവസം മുലായം ഇരുവരുമായും നടത്തിയ ചര്‍ച്ചയിലാണ് തര്‍ക്കം അവസാനിപ്പിക്കാന്‍ വഴിതെളിഞ്ഞത്. എന്നാല്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയ നടപടിക്കെതിരെ അഖിലേഷിന്റെ അനുയായികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രകടനം നടത്തി. മുലായത്തിന്റെ വസതിക്ക് മുന്നില്‍ പ്രകടനം നടത്തിയ അനുയായികള്‍ അഖിലേഷിനെ വീണ്ടും സംസ്ഥാന പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ടു.
















