ചേര്‍ത്തല: ചേര്‍ത്തല നഗരത്തിന്റെ കിഴക്കന്‍ മേഖലയിലെയും തണ്ണീര്‍മുക്കം പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലെയും വെള്ളക്കെട്ട് ഒഴിവാക്കാനും ഗതാഗതത്തിനുമായി നിര്‍മ്മിച്ച ചേര്‍ത്തല വാരനാട് തോട് പതിറ്റാണ്ടുകളായി സംരക്ഷണമില്ലാതെ നശിക്കുന്നു. തോട്ടിലാകെ മാലിന്യവും മറിഞ്ഞുവീണ വൃക്ഷങ്ങളും നിറഞ്ഞ് ഒഴുക്കു നിലച്ചതോടെ, മഴക്കാലത്ത് ഈ പ്രദേശങ്ങളാകെ വെള്ളത്തിലായി. ഒപ്പം കൊതുകശല്യവും രൂക്ഷമാണ്. തോടിന്റെ പലഭാഗത്തെയും കയ്യേറ്റം കാരണം, തോടിന്റെ വിസ്തൃതിയും കുറഞ്ഞു.
ചേര്‍ത്തല നഗരം മുതല്‍ കിഴക്കോട്ട് വാരനാട് വരെയുള്ള പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കാനായി, ഏതാണ്ട് ഒരു നൂറ്റാണ്ട് മുമ്പാണ് തോട് നിര്‍മ്മിച്ചത്. തോട്ടിലൂടെ വലിയ വള്ളങ്ങളും മറ്റും യഥേഷ്ടം സഞ്ചരിച്ചിരുന്നു. ഇരുപതു വര്‍ഷത്തോളം മുന്‍പ്, തോടിന്റെ ചില ഭാഗങ്ങളില്‍, ഇരുവശത്തും സംരക്ഷണഭിത്തി നിര്‍മ്മിച്ചിരുന്നു. പലസ്ഥലത്തും അത് തകര്‍ന്ന് കഴിഞ്ഞു. കരകളില്‍ നിന്നിരുന്ന വൃക്ഷങ്ങളില്‍ ഭൂരിഭാഗവും തോട്ടിലേക്ക് മറിഞ്ഞ നിലയിലാണ്.
തോടിന്റെ വിസ്തൃതിയും കാര്യമായി കുറഞ്ഞിട്ടുണ്ട്. തോടിന് കുറുകെ മൂന്ന് പ്രധാന പാലങ്ങളുണ്ട്. പൂത്തോട്ട, വാരനാട് പടിഞ്ഞാറെ പാലം, കിഴക്കേ പാലം എന്നിവ. മുന്‍പ് തോടിനുണ്ടായിരുന്ന വിസ്തൃതിക്ക് അനുസരിച്ചാണ് പാലം നിര്‍മ്മിച്ചത്. ഈ പാലങ്ങളിലൂടെ സഞ്ചരിച്ചാല്‍ തോടിന്റെ വിസ്തൃതി തീര്‍ത്തും കുറഞ്ഞത് മനസ്സിലാകും.
രണ്ട് കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള തോട്, ആഴം കൂട്ടി സംരക്ഷിക്കാന്‍ അധികൃതര്‍ പലവട്ടം പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിരുന്നു. ഇതിന്റെ പ്രഖ്യാപനങ്ങളും നടത്തി. പക്ഷെ യാതൊരു തുടര്‍നടപടിയുമുണ്ടായില്ല. തോടിന്റെ ആഴം കൂട്ടി സംരക്ഷിച്ചാല്‍, ഈ പ്രദേശങ്ങളിലെ വെള്ളക്കെട്ട് പൂര്‍ണ്ണമായും ഒഴിവാക്കാനാകും. ഒപ്പം കാര്യക്ഷമമായ ജലഗതാഗതവും സാദ്ധ്യമാകും.
















