പൂച്ചാക്കല്‍: ജന്മനാ തളര്‍ച്ച ബാധിച്ച് വീട്ടില്‍ തന്നെ കഴിയുന്ന ഏഴാം ക്ലാസുകാരിക്ക് ഓണസമ്മാനവുമായി കൂട്ടുകാരെത്തി. ശ്രീകണ്‌ഠേശ്വരം എസ്എന്‍ ഡിഎസ്‌വൈ യുപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി അമൃതയ്‌ക്കാണ് അതേ ക്ലാസിലെ കുട്ടികള്‍ ഓണക്കോടിയും ഓണക്കിറ്റുമെത്തിച്ചത്.
പാണാവള്ളി പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് അശോകന്റെ മകള്‍ അമൃത സെറിബ്രല്‍ പാള്‍സി രോഗം മൂലമാണ് തളര്‍ച്ചയിലായത്. ഒന്നും രണ്ടും ക്ലാസുകളില്‍ പഠിക്കുമ്പോള്‍ അമൃതയെ രക്ഷിതാക്കള്‍ ദിവസവും തോളിലേറ്റിയാണ് സ്‌കൂളില്‍ എത്തിച്ചിരുന്നത്. ഇപ്പോള്‍ അദ്ധ്യാപകര്‍ വീട്ടിലെത്തിയാണ് പഠിപ്പിക്കുന്നത്.
സ്‌കൂളിലെ ഓണാഘോഷത്തിന്റെ ഭാഗമായി പ്രദേശത്തെ നിരാലംബരായ പത്തോളം പേര്‍ക്ക് ഓണക്കോടിയും കുട്ടികള്‍ എത്തിച്ചു. ഇതിനാവശ്യമായ പണം വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ചേര്‍ന്ന് ശേഖരിച്ചു.
ഓണക്കോടിയുടെ വിതരണം തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ശെല്‍വരാജ് നിര്‍വഹിച്ചു. ഹെഡ്മിസ്ട്രസ് ജെ.ഷേര്‍ളി, പി.ടി.എ പ്രസിഡന്റ് അനിക്കുട്ടന്‍, സ്‌കൂള്‍ മാനേജര്‍ അഡ്വ.എസ് രാജേഷ് എന്നിവര്‍ സംബന്ധിച്ചു.
















