ന്യൂദല്‍ഹി: ഏറ്റവും കൂടുതല്‍ ശുചിത്വമുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളവും സിക്കിമും ഒന്നാമത്. ദേശീയ സാമ്പിള്‍ സര്‍വേ ഓഫീസ് നടത്തിയ സര്‍വേയിലാണ് വൃത്തി സംസ്ഥാങ്ങളുടെ പട്ടികയില്‍ കേരളവും സിക്കിമും ഉള്‍പ്പെട്ടത്. കേന്ദ്രഗ്രാമവികസനമന്ത്രി നരേന്ദ്രസിംഗ് തോമറാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
കേന്ദ്രസര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായാണ് സര്‍വെ നടത്തിയത്. സിക്കിമും കേരളവും ഒന്നും രണ്ടും സ്ഥാനത്തെത്തിയപ്പോള്‍, മിസോറാം, ഹിമാചല്‍പ്രദേശ്, നാഗാലാന്‍ഡ്, ഹരിയാന, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, മേഘാലയ എന്നിവയാണ് ആദ്യപത്ത് സ്ഥാനങ്ങളിലെത്തിയ സംസ്ഥാനങ്ങള്‍.
2015 മെയ്-ജൂണ്‍ മാസങ്ങളിലാണ് രാജ്യത്തെ 3788 ഗ്രാമങ്ങളില്‍ സര്‍വെ നടത്തിയത്.സിക്കിമിലെ 98 ശതമാനം ഗ്രാമങ്ങളിലും ശൗചാലയങ്ങളുണ്ട്. ഗ്രാമീണരില്‍ 99 ശതമാനം പേരും ശൗചാലയങ്ങള്‍ ഉപയോഗിക്കുന്നവരാണ്.
ഹിമാചല്‍പ്രദേശില്‍ 97.11 ശതമാനവും കേരളത്തില്‍ 96.35 ശതമാനവും ഗ്രാമീണര്‍ ശൗചാലയങ്ങള്‍ ഉപയോഗിക്കുന്നതായി സര്‍വെ വ്യക്തമാക്കുന്നു. രാജ്യത്തെ ഏറ്റവും ശുചിത്വമുള്ള ജില്ല മഹാരാഷ്‌ട്രയിലെ സിന്ധുദുര്‍ഗാണ്.
















