മീററ്റ്: അഖിലേഷ് സര്‍ക്കാരിന്റെ നിസ്സംഗതയെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ മറ്റൊരു ദു:ഖ സംഭവം കൂടി ഉടലെടുത്തിരിക്കുന്നു. യുപിയിലെ മീററ്റ് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിക്ക് പുറത്ത് ഒരമ്മ തന്റെ കുട്ടിയുടെ മൃതശരീരവുമായി ഒരു രാത്രി മുഴുന്‍ കഴിച്ചു കൂട്ടിയതാണ് സംഭവം.
സെപ്റ്റംബര്‍ രണ്ടിനാണ് ദാരുണമായ സംഭവം അരങ്ങേറിയത്. കടുത്ത പനി മൂലം ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിക്കുകയായിരുന്നു. കുട്ടിയുടെ മൃതദേഹം തിരികെ വീട്ടിലെത്തിക്കാന്‍ ആംബുലന്‍സ് ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതര്‍ വിസമ്മതിച്ചു. ആംബുലന്‍സ് ആവശ്യപ്പെട്ട് 108ലേക്ക് വിളിച്ചെങ്കിലും 1500 രൂപ അധികൃതര്‍ ആവശ്യപ്പെട്ടതായും കുട്ടിയുടെ അമ്മ പറയുന്നു. തുടര്‍ന്ന് കുട്ടിയുടെ മൃതദേഹവുമായി ആശുപത്രിക്ക് പുറത്ത് കഴിച്ചു കൂട്ടാന്‍ ആ അമ്മ നിര്‍ബന്ധിതയാകുകയായിരുന്നു.
കാണ്‍പൂരിലെ ജെ.എസ്.വി.എം മെഡിക്കല്‍ കോളേജിലും സമാനമായ സംഭവം നടന്നിരുന്നു, ഡോക്ടര്‍മാരുടെ ഉപേക്ഷയെ തുടര്‍ന്ന് പന്ത്രണ്ട് വയസുകാരന്‍ മരിക്കുകയും കുട്ടിയുടെ അച്ഛന് മൃതദേഹവുമായി സഞ്ചരിക്കേണ്ട ഗതികേടുമുണ്ടായി. ഈ സംഭവത്തിന് പിന്നാലെയാണ് അധികൃതരുടെ അനാസ്ഥയില്‍ വീണ്ടും ഒരു സംഭവം കൂടി പുറത്ത് വന്നിരിക്കുന്നത്.
ഒഡീഷയില്‍ ഭാര്യയുടെ മൃതദേഹവുമായി ഭര്‍ത്താവിന് 10 കിലോമീറ്ററോളം സഞ്ചരിക്കേണ്ട ഗതികേടും അടുത്തിടെയാണുണ്ടായത്.
















