ആലുവ: സാമൂഹ്യവിരുദ്ധര്‍ കന്നുകാലികളുടെ തൊലിയുലിഞ്ഞ് റോഡില്‍ തള്ളി. കീഴ്മാട് തിരുഹൃദയ പള്ളിക്ക് സമീപമാണ് ചത്ത രണ്ട് കന്നുകാലികളെ തോലുരിഞ്ഞ ശേഷം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ പ്രാര്‍ത്ഥനെക്കത്തിയവരാണ് കന്നുകാലികളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരാരെന്ന് വ്യക്തമല്ല. എന്നാല്‍ സമീപകാലത്തായി അറവുമാലിന്യങ്ങള്‍ ഇവിടെ തള്ളുന്നതിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു.
പ്രതിഷേധക്കാരെ വെല്ലുവിളിക്കാന്‍ ഇതേസംഘം തന്നെയാണ് തൊലിയുലിഞ്ഞ കന്നുകാലികളെ തള്ളിയതെന്നും സംശയമുണ്ട്. അറവുമാലിന്യങ്ങള്‍ വ്യാപകമായി തള്ളുന്നത് മൂലം പരിസരപ്രദേശങ്ങളില്‍ തെരുവുനായ ശല്യവും രൂക്ഷമാണ്. സംഭവുമായി ബന്ധപ്പെട്ട് എടത്തല പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രതികളെ കണ്ടുപിടിക്കാന്‍ അടിയന്തര നടപടിയുണ്ടായില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് തിരുഹൃദയ ദേവാലയം ട്രസ്റ്റിമാരായ ജെറി മാത്യു, ടോമി വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.
















