മരട്: അവസാനതടസവും മാറിയതോടെ കൊട്ടാരം ജംഗ്ഷനിലെ അശാസ്ത്രീയ ബസ് കാത്തിരിപ്പു കേന്ദ്രം മാറ്റാന്‍ തീരുമാനമായി. കാത്തിരിപ്പു കേന്ദ്രം പണിത കൊട്ടാരം സ്റ്റാന്റിലെ ഓട്ടോ ഡ്രൈവര്‍മാരുടെ അഭിപ്രായം അറിയാന്‍ നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ നഗരസഭാ സെക്രട്ടറി ബി. അനില്‍കുമാര്‍ ഇന്നലെ വിളിച്ചു ചേര്‍ത്ത അടിയന്തര യോഗത്തിലാണ് തീരുമാനം.
പതിറ്റാണ്ടുകളുടെ ആവശ്യം എതിര്‍പ്പിന്റെ സ്വരം ലേശം പോലും ഇല്ലാതെയാണ് യോഗം അംഗീകരിച്ചത്. അപകടകരമായി നിലകൊള്ളുന്ന കാത്തിരിപ്പു കേന്ദ്രം മാറ്റി സ്ഥാപിക്കുന്നതില്‍ യാതൊരു എതിര്‍പ്പും ഇല്ലെന്ന് ഓട്ടോ ഡ്രൈവര്‍മാരെ പ്രതിനിധീകരിച്ചെത്തിയ എ.യു. വിജു, കൊട്ടാരം സ്റ്റാന്റിലെ ഡ്രൈവറായ വിനു ശശി, സ്റ്റാന്‍ഡ് യൂണിറ്റ് സെക്രട്ടറി ബാബു എന്നിവര്‍ അറിയിച്ചു. കാത്തിരിപ്പു കേന്ദ്രത്തിന് തൊട്ടടുത്താണ് ഓട്ടോ സ്റ്റാന്റ്.
കിഴക്കു വശത്ത് ജോയിന്റ് ആര്‍ടിഒ കണ്ടെത്തിയ സ്ഥലത്തേക്കു മാറ്റുമ്പോള്‍ ഉണ്ടായേക്കാവുന്ന തൊഴില്‍ പ്രതിസന്ധിക്കു പരിഹാരമായി. കാത്തിരിപ്പു കേന്ദ്രത്തിന് അരികില്‍ യാത്രക്കാര്‍ക്ക് സൗകര്യപ്രദമാകും വിധം രണ്ട് ഓട്ടോ റിക്ഷകള്‍ നിറുത്തിയിടാന്‍ സൗകര്യം ഉണ്ടാക്കണം, ഓട്ടോ ഡ്രൈവര്‍മാരില്‍ സാമ്പത്തിക ഭാരം ഏല്‍പ്പിക്കാതെ സ്‌പോണ്‍സര്‍മാരെ കണ്ടെത്തി വേണം പണിയാന്‍, പണി പൂര്‍ത്തിയായതിനു ശേഷം മാത്രമേ പഴയ കാത്തിരിപ്പു കേന്ദ്രം പൊളിച്ചു മാറ്റാന്‍ പാടുള്ളു തുടങ്ങിയ നിര്‍ദേശങ്ങളും യോഗം അംഗീകരിച്ചു. നഗരസഭാധ്യക്ഷ ദിവ്യ അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ആന്റണി ആശാന്‍പറമ്പില്‍, സ്ഥിരം സമിതി അധ്യക്ഷരായ ദിഷ പ്രതാപന്‍, ജമീല മുഹമ്മദ്, പി.ജെ. ജോണ്‍സണ്‍, കൗണ്‍സിലര്‍മാരായ കെ.എ. ദേവസി, ജബ്ബാര്‍ പാപ്പന, എം.പി. സുനില്‍കുമാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
കൊട്ടാരം ജംഗ്ഷനിലെ അശാസ്ത്രീയ ബസ് കാത്തിരിപ്പു കേന്ദ്രത്തെ പറ്റി നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ജംഗ്ഷനിലെ വളവു നിവര്‍ന്നിട്ടും കാത്തിരിപ്പു കേന്ദ്രം മാറ്റാത്തതിനെ പറ്റി നഗരസഭയുടെ പ്രതിവാര സ്റ്റിയറിങ് കമ്മറ്റി യോഗത്തില്‍ ചര്‍ച്ചയായതിനെ തുടര്‍ന്നായിരുന്നു സെക്രട്ടറി യോഗം വിളിച്ചത്.
















