ബാരിപാദ: ഇത്തവണ രക്ഷാബന്ധന്‍ അവര്‍ക്ക് വനമഹോത്സവം കൂടിയായിരുന്നു. മരമാണ് അവരുടെ തണലും ഉപജീവനവും. അതാണ് മയൂര്‍ഭഞ്ജിലെ ഹാത്തിമാതാ ഗ്രാമത്തിലെ വനവാസി സ്ത്രീകള്‍ മരത്തിന് രാഖി കെട്ടി രക്ഷാബന്ധന്‍ ആഘോഷിച്ചത്. മരത്തിന് വെള്ളമൊഴിച്ചു. ചന്ദനവും സിന്ദൂരവും ചാര്‍ത്തി. പിന്നെയാണ് ബഹുവര്‍ണച്ചരടുകള്‍ ചുറ്റി രാഖിബന്ധനം.
കാടിനെ ഒരു പോറല്‍ പോലുമേല്‍ക്കാതെ കാത്തോളാമെന്ന ശപഥത്തോടെ ചടങ്ങിന് തുടക്കം.സഹോദരന്റെ കൈയില്‍ രാഖി കെട്ടുമ്പോള്‍ നാളെ അദ്ദേഹം രക്ഷകനാകുമെന്ന പ്രതീക്ഷയുണ്ട്. പക്ഷേ മരങ്ങളോടത് തിരിച്ചാകണം. കാടിന്റെ സംരക്ഷകരാകണം നമ്മള്‍. ഹാത്തിമാതായുടെ സര്‍പഞ്ച്് ഗീതാറാണി, രാഖികെട്ടുന്ന പെണ്‍കുട്ടികള്‍ക്ക് നല്‍കിയ ഉപദേശം ഇതായിരുന്നു.
വനവാസികളില്‍ മാത്രമൊതുങ്ങിയില്ല ആഘോഷം. അതിഥികളായി വനസംരക്ഷണ ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. അതിവേഗത്തിലുള്ള വനനശീകരണത്തെപ്പറ്റി ബോധവത്കരിക്കുക മാത്രമല്ല, സാഹോദര്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അവബോധമുണ്ടാക്കണം.
ആഘോഷങ്ങളുടെ സംഘാടനത്തിന് പിന്നില്‍ ഈ രണ്ട് ലക്ഷ്യങ്ങളായിരുന്നുവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. നമ്മളിലൊരാള്‍ ഒരുപക്ഷേ മരം വെട്ടി ഉപജീവനം നടത്തുന്നുണ്ടാവാം. പക്ഷേ രാഖി കെട്ടി മരം വെട്ടുമ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കും. അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അരുണ്‍ കുമാര്‍ പാത്രയുടെ അഭിപ്രായം ഇതാണ്.
ലളിതമായി തുടങ്ങിയ ആഘോഷം ഇപ്പോള്‍ ഹാത്തിമാതയിലും പരിസരത്തും വിപുലമായിരിക്കുകയാണ്.
ശര്‍മ്മിളയെ കാണാന്‍ അമ്മയെത്തി
ഇംഫാല്‍: വര്‍ഷങ്ങള്‍ നീണ്ട ഉപവാസം നിര്‍ത്തി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയ പൗരാവകാശ പ്രവര്‍ത്തക ഇറോം ശര്‍മ്മിളയെ കാണാന്‍ അമ്മയെത്തി.
ശര്‍മ്മിളയുടെ അമ്മ സാക്ഷി, 16 വര്‍ഷത്തിനു ശേഷമാണ് മകളെ കാണുന്നത്. അമ്മയ്‌ക്കൊപ്പം സഹോദരിയുമുണ്ടായിരുന്നു ശര്‍മ്മിളയെ കാണാന്‍.
പറഞ്ഞറിയിക്കാനാവാത്ത അത്ഭുതമെന്നാണ് ശര്‍മ്മിള കൂടിക്കാഴ്ചയെ വിശേഷിപ്പിച്ചത്.
തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ ഇറങ്ങാനുള്ള തീരുമാനങ്ങളും ഭാവി പദ്ധതികളും ശര്‍മ്മിള അവരോട് പങ്കുവെച്ചു. സഹോദരന്‍ സിംഗാജിത്ത് കാണാനെത്തിയ വാര്‍ത്തകള്‍ ശര്‍മ്മിള നിഷേധിച്ചു.
മണിപ്പൂരില്‍ നിന്ന് സൈനിക സാന്നിധ്യം പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ നിന്ന് ഇപ്പോഴും പിറകോട്ടില്ല ശര്‍മ്മിള. ദൗത്യം പൂര്‍ത്തിയാക്കാന്‍ എല്ലാ അനുഗ്രഹങ്ങളും മകള്‍ക്കു നല്‍കിയാണ് സാക്ഷി മടങ്ങിയത്.
















