ന്യൂദല്‍ഹി: ബലൂചിസ്ഥാനിലെ പാക് അതിക്രമങ്ങള്‍ക്കെതിരെയുള്ള ഭാരതത്തിന്റെ നിലപാടിന് പിന്തുണയേറുന്നു. സ്വാതന്ത്ര്യദിനത്തിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തെ പിന്തുണച്ച്, ബംഗ്ലാദേശിന് പിന്നാലെ അഫ്ഗാനിസ്ഥാന്‍ മുന്‍ പ്രസിഡണ്ട് ഹമീദ് കര്‍സായിയും രംഗത്ത്.
ബലൂചിസ്ഥാന്‍ വിഷയം ഉയര്‍ത്തിക്കാട്ടിയതിന് മോദിയെ അഭിനന്ദിക്കുന്നു. കര്‍സായി പറഞ്ഞു. പാക്കിസ്ഥാന്‍ ഭാരതത്തിനും അഫ്ഗാനുമെതിരെ നിരന്തരം പ്രസ്താവനകള്‍ നടത്തുന്നുണ്ട്. ബലൂചിസ്ഥാനെക്കുറിച്ച് പറയാന്‍ ഭാരതത്തിനും അവകാശമുണ്ട്, ദല്‍ഹിയില്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം കര്‍സായി മാധ്യമങ്ങളോട് പറഞ്ഞു.
ആദ്യമായാണ് ബലൂചിസ്ഥാന്‍ വിഷയത്തില്‍ ഭാരത പ്രധാനമന്ത്രി പ്രതികരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ കര്‍സായി സമാധാനം പുലരുന്ന മേഖലയില്‍ നിഴല്‍യുദ്ധത്തിന് ഭാരതം തയ്യാറാകുമെന്ന് ചിന്തിക്കുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. രണ്ട് വര്‍ഷം മുമ്പ് കര്‍സായി അഫ്ഗാന്‍ പ്രസിഡണ്ട് സ്ഥാനം ഒഴിഞ്ഞെങ്കിലും ഭരണത്തില്‍ ഇപ്പോഴും കര്‍സായിക്ക് നിര്‍ണായക സ്വാധീനമുണ്ട്.
മോദിയുടെ പ്രസംഗത്തിന് ബലൂചിസ്ഥാനിലെ നേതാക്കള്‍ നേരത്തെ നന്ദി പറഞ്ഞിരുന്നു. ബംഗ്ലാദേശ് മോദിയുടെ പ്രസംഗത്തെ പിന്തുണച്ചപ്പോള്‍ ബലൂചിസ്ഥാനിലെ മനുഷ്യാവകാശ ലംഘനത്തില്‍ അമേരിക്ക ഉത്കണ്ഠ രേഖപ്പെടുത്തി.
പാക് സര്‍ക്കാരിന്റെ സഹായത്തോടെ ഭീകരര്‍ ബലൂചില്‍ നടത്തുന്ന അതിക്രമങ്ങള്‍ ലോകത്തെ അറിയിക്കാന്‍ മോദിയുടെ പ്രസംഗം ഇടയാക്കിയെന്ന് കര്‍സായി പറഞ്ഞു. ഇതിന്റെ ഗൗരവം ഇനി പാക്കിസ്ഥാനെ ചിന്തിപ്പിക്കും. ബലൂചിസ്ഥാനിലെ പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ ഭാരതമാണെന്ന പാക് ആരോപണം തള്ളിയ കര്‍സായി അയല്‍ക്കാര്‍ക്ക് പ്രശ്‌നങ്ങളുണ്ടാക്കുന്നത് പാക്കിസ്ഥാനാണെന്നും ചൂണ്ടിക്കാട്ടി.
പാക് പ്രചാരണത്തില്‍ വീഴരുതെന്ന് കര്‍സായി ജമ്മു കശ്മീരിലെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. പാക്കിസ്ഥാനെ ഇടപെടാന്‍ അനുവദിക്കരുത്. അഫ്ഗാനിസ്ഥാന്റെ അനുഭവത്തില്‍ നിന്നും പാഠം പഠിക്കണം. കാശ്മീര്‍ താഴ്‌വര ഭീകരതയുടെ പിടിയിലാണ്. ഇതിന് പിന്നില്‍ ആരെന്നറിയാം. ജനങ്ങളെ സംരക്ഷിക്കുകയും അതിരുകള്‍ കാക്കുകയുമാണ് ഭാരതം ചെയ്യുന്നത്. ഭീകരത പാക്കിസ്ഥാന്റെ ഔദ്യോഗിക നയമാണെന്നും കുറ്റപ്പെടുത്തി. പാക്കിസ്ഥാനെ സഹായിച്ച അമേരിക്കയെയും കര്‍സായി വിമര്‍ശിച്ചു.
















