ന്യൂദല്‍ഹി: ‘പാക്കിസ്ഥാനിയല്ലെന്ന് ഉദ്യോഗസ്ഥരോട് വിശദീകരിക്കേണ്ടി വന്ന സാഹചര്യം വേദനയുണ്ടാക്കി. പട്ടിയെന്ന് വിളിച്ചാലും എന്നെ പാക്കിസ്ഥാനിയെന്ന് വിളിക്കരുത്. ഞാന്‍ ബലൂചിയാണ്. ജന്മസ്ഥലത്തിന്റെ പേരില്‍ ഒരുപാട് വേദന അനുഭവിച്ചു കഴിഞ്ഞു’. ബലൂചി അഭയാര്‍ത്ഥിയായ മസ്ദാക്ക് ദില്‍ഷാദിന്റെ വാക്കുകള്‍ ഒറ്റപ്പെട്ടതല്ല.
പാക്കിസ്ഥാന്റെ ഭരണകൂട ഭീകരതക്കിരയായ ലക്ഷക്കണക്കിന് ബലൂചിസ്ഥാനികളുടെ വികാരമാണിത്.
സ്വാതന്ത്ര്യപ്രക്ഷോഭം നടക്കുന്ന ബലൂചിസ്ഥാനിലെ ക്വറ്റയിലാണ് മസ്ദാക്ക് ജനിച്ചത്. വേട്ടയാടലിനെ തുടര്‍ന്ന് കാനഡയിലേക്ക് പോയി.കനേഡിയന്‍ പാസ്‌പോര്‍ട്ടില്‍ ജന്മസ്ഥലം ക്വറ്റയെന്നാണ്. ഇത് ന്യൂദല്‍ഹി വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരില്‍ സംശയമുണ്ടാക്കി. മസ്ദാക്ക് പറഞ്ഞു. ബലൂചി പ്രക്ഷോഭപ്രചാരണത്തിനായാണ് മസ്ദാക്കും ഭാര്യയും ദല്‍ഹിയിലെത്തിയത്.
പാക് സൈന്യത്തില്‍ നിന്നും രക്ഷപ്പെട്ട് മസ്ദാക്കിനെപ്പോലെ പതിനായിരക്കണക്കിന് പേരാണ് വിവിധ രാജ്യങ്ങളില്‍ അഭയാര്‍ത്ഥികളായി കഴിയുന്നത്. മസ്ദാക്കിന്റെ അച്ഛനെ സൈന്യം തട്ടിക്കൊണ്ടുപോയി വര്‍ഷങ്ങളോളം തടവിലാക്കി. രാഷ്‌ട്രീയപ്രവര്‍ത്തകയായ അമ്മയെ ഉപദ്രവിച്ചു, വസ്തുവകകള്‍ നശിപ്പിച്ചു.
ബലൂചിസ്ഥാനില്‍ വംശീയ ഉന്മൂലനമാണ് പാക്കിസ്ഥാന്‍ നടത്തുത്. ബലൂചികള്‍ പാക് ദേശീയത അംഗീകരിക്കണമെന്നാണ് നിലപാട്. എതിര്‍ത്താല്‍ വധിക്കും. സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ബലൂചിസ്ഥാനിലുള്ളവരെ പരാമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടിയില്‍ മസ്ദാക്ക് സന്തോഷം പ്രകടിപ്പിച്ചു. പാക്കിസ്ഥാന് പുറത്ത് ബലൂചികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ സംവിധാനം സ്ഥാപിക്കാന്‍ ഭാരതം സഹായിക്കണം.
ബലൂചികള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ പാക് സര്‍ക്കാര്‍ തയ്യാറാകുന്നില്ല. പഠിപ്പില്ലാത്തതിനാല്‍ ജോലിയുമില്ല. അടിക്കടി മദ്രസകള്‍ സ്ഥാപിച്ച് നിഷ്‌കളങ്കരായ യുവാക്കളെ മസ്തിഷ്‌കപ്രക്ഷാളനം ചെയ്യുന്നു. പ്രധാനപ്പെട്ട തസ്തികകളില്‍ പാക്കിസ്ഥാനി മുസ്ലിങ്ങളെ നിയമിച്ച് ബലൂചികളെ പുറത്താക്കുന്നു. പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിക്കാന്‍ ചൈനീസ് കമ്പനികള്‍ക്ക് ഒത്താശ ചെയ്യുകയാണ് സര്‍ക്കാര്‍.
















