പൂനെ: കൊലയാളി ഡോക്ടര്‍ സന്തോഷ് പോള്‍ കൊന്ന ആറാമത്തേയാളുടെ മൃതദേഹവും കണ്ടെടുത്തു. സതാറ പോലീസിന്റെ നേതൃത്വത്തില്‍ ഇയാളുടെ ഫാംഹൗസില്‍ നടത്തിയ തെരച്ചിലില്‍ വനിത ഗെയ്‌ക്‌വാദ് എന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. 2003- 2016 കാലയളവിലാണ് കൊല നടന്നിട്ടുള്ളത്.
ഇവരില്‍ അഞ്ചുപേര്‍ സ്ത്രീകളാണ്.
2006ലാണ് പോളിന്റെ അയല്‍വാസിയായിരുന്ന ഗെയ്‌ക്‌വാദിനെ ഇയാള്‍ കൊന്നത്. 2006 ആഗസ്റ്റില്‍ രക്ഷാബന്ധന ദിവസം ഇവരെ കാണാനില്ലെന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
എന്നാല്‍ പോള്‍ പോലീസില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇവരുടെ മൃതദേഹം വലിച്ചെറിഞ്ഞെന്നാണ് അറിയിച്ചിരുന്നത്. ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയെങ്കിലും അദ്യം കണ്ടെത്താനായിരുന്നില്ല.
അതിനുശേഷം വെള്ളിയാഴ്ച രണ്ടാംവട്ടം നടത്തിയ തെരച്ചിലിലാണ് ഗെയ്‌ക്‌വാദിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. ഫോറന്‍സിക് അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ ഇത് ഇവരുടേതു തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം പോളിന് വേറെ ഏതെങ്കിലും കൊലപാതകത്തില്‍ പങ്കുണ്ടോ എന്നതുസംബന്ധിച്ചും അന്വേഷണം നടത്തുന്നുണ്ടെന്ന് പോലീസ് എസ്പി സന്ദീപ് പാട്ടില്‍ അറിയിച്ചു.
















